ജീവിതവേഗം വീണ്ടെടുക്കാൻ ചെന്നൈ; സർക്കാരിന്റെ മുന്നറിയിപ്പിന് പുല്ലുവില

അണ്‍ലോക്ക് നടപടികള്‍ തുടങ്ങിയതിനു തൊട്ടുപിറകെ ജനങ്ങള്‍ക്കു മുന്നറിയിപ്പുമായി തമിഴ്നാട് സര്‍ക്കാര്‍. രോഗവ്യാപനം ഉയര്‍ന്നാല്‍ വീണ്ടും സമ്പൂര്‍ണ അടച്ചിടലുണ്ടാകുമെന്ന് 

മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കി. ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ചെന്നൈ അടക്കമുള്ള നഗരങ്ങളില്‍ വന്‍തിരക്കാണ്.  ഇന്നലെ 793 പേര്‍ക്കാണ് ചെന്നൈ നഗരത്തില്‍  രോഗബാധ കണ്ടെത്തിയത്.ജീവിതവേഗം പതുക്കെ വീണ്ടെടുക്കുകയാണു ചെന്നൈ നഗരം.നാല്‍പതു ദിവസത്തിലേറെ ആളനക്കമില്ലാതെ കിടന്നിരുന്ന വീഥികളില്‍ വാഹനങ്ങളുടെ ഇരമ്പല്‍.മദ്യകടകള്‍ ബാര്‍ബര്‍ ഷോപ്പുകള്‍,ബേക്കറികള്‍,നിര്‍മാണ കമ്പനികളുടെ ഓഫീസുകള്‍ തുടങ്ങിയവയാണു ചെന്നൈ ഉള്‍പ്പെടെ രോഗബാധ കുറഞ്ഞ 27 ജില്ലകളില്‍ തുറന്നത്.വന്‍ തിരക്കാണ് എങ്ങും.കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ മുദ്ര വെയ്ക്കുമെന്ന ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പിന് പലയിടങ്ങളിലും പുല്ലുവിലയാണ്.

വമ്പന്‍ സ്ഥാപനങ്ങള്‍ മുതല്‍ തെരുവ് കച്ചവടക്കാര്‍ വരെ സജീവമായി.എന്നാല്‍ കോവിഡുണ്ടാക്കിയ ഭയം ജനത്തിനു വിട്ടുമാറിയിട്ടില്ല.മലയാളികളേറെയുള്ള ചായക്കടകളില്‍ കച്ചവടം പേരിനുമാത്രമേയൊള്ളൂ.വരും ദിവസങ്ങളില്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.മദ്യകടകള്‍ തുറന്ന തിങ്കളാഴ്ച തമിഴകം ആഘോഷമാക്കി.167 കോടിയുടെ മദ്യാണ്, ചെന്നൈയില്‍ മാത്രം ആദ്യദിവസം വിറ്റത്.അതേ സമയം കേസുകള്‍ കൂടുതലുള്ള കോയമ്പത്തൂര്‍ തിരുപ്പൂര്‍ തുടങ്ങിയ 11 ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ തുടരുകയാണ്.