ജനം ഭഗവാന് നൽകിയ പണം; ദുരുപയോഗം പാപം: രാമക്ഷേത്രം വിവാദത്തിൽ പ്രിയങ്ക

രാമക്ഷേത്ര നിർമാണത്തിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച ട്രസ്റ്റിനെതിരെ അഴിമതി ആരോപണം ഉയർന്നതോടെ പ്രതികരണവുമായി യുപിൽ കോൺഗ്രസിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്ത്. വിശ്വാസികൾ ഭഗവാന് സമർപ്പിച്ച പണം ദുരുപയോഗം ചെയ്യുന്നത് പാപമാണെന്ന് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. കോടിക്കണക്കിന് ജനങ്ങൾ ഭാഗവാന്റെ കാൽക്കൽ പണം സമർപ്പിച്ചത് അവരുടെ ഭക്തി െകാണ്ടും വിശ്വാസം കൊണ്ടുമാണ്. ആ പണത്തെ ദുരുപയോഗം ചെയ്യുന്നത് പാപമാണ്. ഇത് ജനങ്ങളുടെ വിശ്വാസത്തെ അപമാനിക്കുന്നതിന് തുല്യമാണ്.’ ഹിന്ദിയിൽ പ്രിയങ്ക ട്വീറ്റ് ചെയ്തു. 

രാമക്ഷേത്ര നിർമാണത്തിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച ട്രസ്റ്റിനെതിരെ അഴിമതി ആരോപണവുമായി ഉത്തർ പ്രദേശിലെ പ്രതിപക്ഷ പാർട്ടികളാണ് രംഗത്തെത്തിയത്. സ്വകാര്യ വ്യക്തിയിൽനിന്ന് രണ്ട് റിയൽ എസ്റ്റേറ്റ് ഡീലേഴ്സ് രണ്ടു കോടി രൂപയ്ക്കു വാങ്ങിയ സ്ഥലം നിമിഷങ്ങള്‍ക്കുള്ളില്‍ ട്രസ്റ്റിന്‌ 18.5 കോടി രൂപയ്ക്ക് മറിച്ചുവിറ്റെന്നാണ് ആരോപണം. ഈ വർഷം  മാർച്ചിലാണ് ഇടപാടുകൾ നടന്നതെന്നും ഇവർ ആരോപിച്ചു. സമാജ്‌വാദി പാർട്ടി, ആം ആദ്മി എന്നിവരാണ് ആരോപണമുന്നയിച്ചത്. 

ചില പ്രാദേശിക ബിജെപി നേതാക്കളുടെയും ട്രസ്റ്റ് ഭാരവാഹികളുടെയും അറിവോടെയാണ് തട്ടിപ്പ് നടന്നതെന്ന് മുൻ സമാജ്‌വാദി പാർട്ടി എം‌എൽ‌എയും ഉത്തർപ്രദേശ് മന്ത്രിയുമായ പവൻ പാണ്ഡെ ആരോപിച്ചു. ഇത് സംബന്ധിച്ച് ചില രേഖകൾ അദ്ദേഹം മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തു. നിമിഷങ്ങൾക്കുള്ളിലാണ് വസ്തുവില 2 കോടിയിൽ നിന്ന് 18 കോടിയായി ഉയർന്നതെന്നും ഇതിൽ തീർച്ചയായും കൊള്ള നടന്നിട്ടുണ്ടെന്നുമാണ് പവൻ പാണ്ഡേ ആരോപിച്ചത്. ഇരു ഇടപാടുകളുടെയും സ്റ്റാംപ് ഡ്യൂട്ടി പേപ്പറുകളും സാക്ഷികളും സമാനമായിരുന്നെന്നും പവന്‍ പാണ്ഡെ പറഞ്ഞു. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. 

എന്നാൽ ആരോപണങ്ങൾ ട്രസ്റ്റ് നിഷേധിച്ചിട്ടുണ്ട്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ രാമക്ഷേത്രം നിർമിക്കുന്നതിന്റെ മേൽനോട്ടം വഹിക്കാനായി 2020 ഫെബ്രുവരിയിലാണ് ശ്രീറാം ജന്മഭൂമി തീർഥ് ക്ഷേത്ര എന്ന ട്രസ്റ്റ് മോദി സർക്കാർ രൂപീകരിച്ചത്.