പുതിയ ബിജെപി മന്ദിരത്തിന് തറക്കല്ലിട്ടു; കല്ലിളക്കിയെറിഞ്ഞ് കർഷകരുടെ രോഷം

പുതിയ ബിജെപി മന്ദിരം നിർമിക്കാൻ ഇട്ട തറക്കല്ല് ഇളക്കിമാറ്റി ഹരിയാനയിൽ കർഷകരുടെ പ്രതിഷേധം. പുതിയ കാർഷിക നയത്തോടുള്ള പ്രതിഷേധം രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ഇപ്പോഴും പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് കെട്ടിട നിർമാണത്തിന് സ്ഥാപിച്ച കല്ല് കർഷകർ ഇളക്കി മാറ്റിയത്. ഹരിയാനയിലെ ജജ്ജാറിലാണ് സംഭവം.

ബിജെപി സംസ്ഥാന അധ്യക്ഷൻ ഒ.പി ധൻകർ നേരിട്ടെത്തിയാണ് പുതിയ പാർട്ടി മന്ദിരത്തിന്റെ ശില സ്ഥാപിച്ചത്. പ്രതിഷേധം ഭയന്ന് തീരുമാനിച്ചതിനും മുൻപ് തന്നെ നേതാക്കളെത്തി ചടങ്ങ് പൂർത്തിയാക്കിയിരുന്നു. എന്നാൽ തറക്കല്ലിട്ട് രണ്ട് മണിക്കൂർ കഴിയുന്നതിന് മുൻപ് തന്നെ കർഷകർ സ്ഥലത്തെത്തി കല്ല് ഇളക്കിമാറ്റി വലിച്ചെറിഞ്ഞു. പിന്നീട് അതേ സ്ഥലത്ത് കരിങ്കൊടി കുത്തി പ്രതിഷേധിച്ചു.  പുരുഷൻമാരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘമാണ് പ്രതിഷേധവുമായി എത്തിയത്. പരാതിയിൽ പൊലീസ് കേസെടുത്തു. പുതിയ കാർഷിക നയത്തിന്റെ പേരിൽ ബിജെപി വൻപ്രതിസന്ധിയാണ് സംസ്ഥാനത്ത് നേരിടുന്നത്.