ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിലേക്ക് കടുവയുടെ യാത്ര; നാലുമാസം 100 കി.മീ; അമ്പരപ്പ്

അമ്പരപ്പിക്കുന്ന ഒരു യാത്ര പോയിരിക്കുകയാണ് ഈ ബംഗാൾ കടുവ. ശരീരത്തിൽ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറിൽ നിന്നാണ് ഈ സഞ്ചാരത്തിന്റെ വിവരങ്ങൾ ലഭിച്ചത്. ഇന്ത്യയിൽ നിന്നും നാലുമാസത്തോളം യാത്ര നടത്തിയ കടുവ ഇപ്പോൾ ബംഗ്ലാദേശിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. 

ബംഗാളിൽ നിന്നും ഏകദേശം 100 കിലോമീറ്ററുകൾ യാത്ര ചെയ്താണ് കടുവ ഇപ്പോൾ ബംഗ്ലാദേശിലെ സുന്ദർബാൻസിലെത്തിയത്. ബംഗാൾ വനംവകുപ്പ് മേധാവി വി.കെ യാദവാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 27നാണ് കടുവ പ്രയാണം തുടങ്ങിയത്. മെയ് 11 ന് റേഡിയോ കോളറിൽ നിന്നും അവസാന സിഗ്നലുകൾ ലഭിച്ചെന്നും അദ്ദേഹം പറയുന്നു. 

ഇന്ത്യയിലെ സുന്ദർബാൻസിലുള്ള ഹരിഭംഗ, കത്വാജുരി എന്നീ ദ്വീപുകളും ബംഗ്ലാദേശിലെ സുന്ദർബാൻസ് പ്രദേശത്തുള്ള തൽപാതി ദ്വീപുമാണ് ഈ ചെറിയ സമയം കൊണ്ട് കടുവ പിന്നിട്ടത്. തൽപാതി ദ്വീപിലാണ് കടുവയെ അവസാനമായി ട്രാക്ക് ചെയ്തതെന്നും അധികൃതർ പറയുന്നു. കടുവയ്ക്ക് എന്തെങ്കിലും ആപകടം സംഭവിക്കുകയോ ചത്തുപോവുകയോ ചെയ്താൽ  റേഡിയോ കോളറിൽ നിന്നും സിഗ്നലുകൾ ലഭിക്കുമെന്നും ഇതുവരെ അതുണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.