‘വാക്സീനുമില്ല അവസരവുമില്ല, ബ്ലൂ ടിക് മാത്രം’; രാഹുലിന്റെ പുതിയ ഹാഷ്ടാഗ്

#NoVaccineNoVacancy ഹാഷ്ടാഗുമായി രാഹുൽ ഗാന്ധിയുടെ പുതിയ ട്വീറ്റ്. കോവിഡിന്റെ മൂന്നാം തരംഗമുണ്ടാകുമോ എന്ന ഭയം നിലനിൽക്കുമ്പോൾ‌ രാജ്യത്തെ വാക്സിൻ ക്ഷാമത്തെ വിമർശിക്കുകയാണ് അദ്ദേഹം. വാക്സീനുമില്ല അവസരങ്ങളുമില്ല, ബ്ലൂ ടിക്കുകൾ മാത്രം കേന്ദ്രസർക്കാരിനെ കുറിച്ച് രാഹുൽ ട്വീറ്റ് ചെയ്തു. ബിജെപി–സംഘപരിവാർ–ആർഎസ്എസ് നേതാക്കളൂടെ ട്വിറ്റർ അക്കൗണ്ടിന്റെ ബ്ലൂ ടിക് ട്വിറ്റർ നീക്കം ചെയ്തത് വിവാദമായിരുന്നു. പ്രതിഷേധത്തിന് പിന്നാലെ ഇവ തിരിച്ചുനൽകുകയും ചെയ്തിരുന്നു. എന്നാൽ രാജ്യത്ത് വാക്സീൻ വിതരണത്തിലെ പ്രതിസന്ധി തുടരുന്നതിനിടെയിലാണ് സമൂഹമാധ്യമങ്ങളിൽ രാഹുലിനിന്റെ പുതിയ ഹാഷ്ടാഗ് എത്തുന്നത്. 

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് അഞ്ചിന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഏപ്രിൽ, മേയ് മാസങ്ങളിലുണ്ടായ കോവിഡ് രണ്ടാം തരംഗത്തിന്റെ ശക്തി ക്ഷയിക്കുകയും സംസ്ഥാനങ്ങൾ ലോക്ഡൗൺ പിൻവലിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

സംസ്ഥാനങ്ങളുടെയും വിദഗ്ധരുടെയും വിമർശനം ഏറ്റുവാങ്ങിയ കേന്ദ്ര സർക്കാരിന്റെ വാക്സീൻ നയത്തെ കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുമെന്നാണ് സൂചന. രണ്ടാം തരംഗമുണ്ടായ ഏപ്രിൽ, മേയ് മാസങ്ങളിൽ രാജ്യത്ത് വാക്സീന് കടുത്ത ക്ഷാമം നേരിട്ടതിനെ തുടർന്ന് വിദേശ രാജ്യങ്ങളിലേക്കു വാക്സീൻ കയറ്റിയയക്കുന്നത് കേന്ദ്ര സർ‌ക്കാർ നിർത്തിവച്ചിരുന്നു.