അധികാരമേൽക്കും മുൻപേ പദ്ധതികളുമായി സ്റ്റാലിൻ; കോവിഡിനെ തുരത്താൻ അടിയന്തിരയോഗം

തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തിനു മുമ്പ് തന്നെ കോവിഡ് നിയന്ത്രണ നടപടികള്‍ക്കു തുടക്കമിട്ടു നിയുക്ത മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ചീഫ് സെക്രട്ടറി, ആരോഗ്യസെക്രട്ടറി അടക്കമുള്ളവരുടെ അടിയന്തിര യോഗം വൈകിട്ട് അഞ്ചുമണിക്കു വിളിച്ചുചേര്‍ത്തു. ആറുമണിക്കു നടക്കുന്ന നിയമസഭാ കക്ഷിയോഗത്തില്‍ സ്റ്റാലിനെ കക്ഷി നേതാവായി തിരഞ്ഞെടുക്കും. വെള്ളാഴ്ച സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേല്‍ക്കും.

പത്തു വർഷത്തിനു ശേഷമാണു ഡി.എം.കെ.അധികാരത്തിലെത്തുന്നത്. പ്രകടന പത്രികയിൽ ജനങ്ങൾക്ക് ഒട്ടേറെ വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട്. ഇതിനു പുറമെ, ജനങ്ങളിൽ നിന്നു നേരിട്ടു സ്വീകരിച്ച പരാതികൾ 100 ദിവസത്തിനകം പരിഹരിക്കുമെന്ന ഉറപ്പും നൽകിയിട്ടുണ്ട്. ഇവയെല്ലാം നടപ്പാക്കുന്നതിനു കഴിവും പ്രാപ്തിയുമുള്ള അംഗങ്ങളെ കൂടെ ചേര്‍ക്കാനാണ് എം.കെ.സ്റ്റാലിന്റെ തീരുമാനം. മുതിർന്ന നേതാക്കന്‍മാരായ ദുരൈമുരുകൻ, ഇ.വി.വേലു, ചെന്നൈ മുൻ മേയർ കൂടിയായ എം.സുബ്രഹ്മണ്യം, കെ.എൻ.നെഹ്റു, പൊന്മുടി, കെകെഎസ്ആർ രാമചന്ദ്രൻ എന്നിവരുടെ പേരുകൾ സജീവമാണ്. പാര്‍ട്ടി ജനറല്‍സെക്രട്ടറി കൂടിയായ ദുരൈമുരുകനെ സ്പീക്കര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ലളിതമായ ചടങ്ങില്‍ വെള്ളിയാഴ്ച സര്‍ക്കാര്‍ അധികാരമേല്‍ക്കും.

തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ സമാഹരിച്ച പരാതികൾ പരിഹരിക്കുന്നതിനു പ്രത്യേക വകുപ്പു രൂപീകരിക്കുമെന്നു സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു. ഈ വകുപ്പിന്റെ ചുമതല മകന്‍ ഉദയനിധി സ്റ്റാലിന് നൽകുമെന്നു അഭ്യൂഹം ശക്തമാണ്. വനിതാ പ്രാതിനിധ്യത്തിനായി തൂത്തുക്കുടി എംഎൽഎ ഗീതാ വിജയനെ പരിഗണിച്ചേക്കും. കനിമൊഴിയുമായുള്ള അടുപ്പവും ഇവർക്കു തുണയാകും.