‘നല്ല മനുഷ്യൻ, സന്ന്യാസി.. എന്നൊക്കെ പറയുന്നവർക്ക് അടി’; യോഗിക്കെതിരെ സിദ്ധാർഥ്

കോവിഡ് രൂക്ഷമാവുകയും ഓക്സിജന് പോലും ക്ഷാമം ഉണ്ടാകുമ്പോഴും അതിനെതിരെ ശബ്ദിക്കുന്നവരെ നിശബ്ദമാക്കാനുള്ള ശ്രമമാണ് ഉത്തർപ്രദേശ് സർക്കാർ സ്വീകരിക്കുന്നത് എന്ന ആക്ഷേപം ശക്തമാണ്. പ്രിയങ്ക ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ തെളിവ് സഹിതം വീഴ്ചകൾ ചൂണ്ടിക്കാണിക്കുമ്പോഴും അംഗീകരിക്കാനോ നടപടി സ്വീകരിക്കാനോ യോഗി സർക്കാർ ശ്രമിക്കുന്നില്ല. ഇതിന് പിന്നാലെ രൂക്ഷ വിമർശനവുമായി രംഗത്തുവരികയാണ് നടൻ സിദ്ധാർഥ്. ബിജെപിക്കെതിരെയും മോദിക്കെതിരെയും പലപ്പോഴും രംഗത്തെത്തിയിട്ടുള്ള താരം ഇപ്പോൾ യോഗിയുടെ നിലപാടുകളെ ആണ് ചോദ്യം ചെയ്യുന്നത്.

‘ഒരു നല്ല മനുഷ്യനാണെന്നും, സന്ന്യാസിയാണെന്നും, നേതാവാണെന്നും നുണ പറയുന്നവര്‍ക്ക് മുഖത്ത് നല്ല അടി കിട്ടും.’ യോഗിയുടെ ചിത്രമുള്ള വാർത്ത പങ്കുവച്ച് സിദ്ധാർഥ് കുറിച്ചു. സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമം ഇല്ലെന്നും ഇനി ഇത് പറയുന്നവർക്കെതിരെ നിയമനടപടി ഉണ്ടാകുമെന്നാണ് യോഗിയുടെ മുന്നറിയിപ്പ്. ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ ജനം മരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഈ വാക്കുകൾ എന്ന ആരോപണവും ശക്തമാണ്. പ്രിയങ്ക ഗാന്ധി നേരിട്ട് ഇടപെട്ട് ചില ആശുപത്രികളിലേക്ക് ഓക്സിജൻ എത്തിച്ചതും വാർത്തയായിരുന്നു. എന്നാൽ സർക്കാർ നിയമനടപടിയുമായി മുന്നോട്ടുപോവുകയാണ്.