യച്ചൂരിയുടെ മകനെ അധിക്ഷേപിച്ച് ബിജെപി നേതാവ്; ട്വിറ്ററില്‍ വന്‍ രോഷം

സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ മൂത്ത മകനും മാധ്യമപ്രവർത്തകനുമായ ആശിഷ് യച്ചൂരി കോവിഡ് ബാധിച്ച് അന്തരിച്ചത് ഇന്നത്തെ നടുക്കുന്ന സംഭവങ്ങളിൽ ഒന്നായിരുന്നു. വെറും 34 വയസായിരുന്നു ആശിഷിന്റെ പ്രായം. രാഷ്ട്രീയ ഭേദമന്യേ ഈ നഷ്ടത്തിൽ യച്ചൂരിക്കും കുടുംബത്തിനൊപ്പം എല്ലാ നേതാക്കളും നിൽക്കുകയും ചെയ്തു. എന്നാൽ ബിഹാറിലെ മുതിർന്ന ബിജെപി നേതാവും മുൻ എംഎൽഎ കൂടിയായ മിഥിലേഷ് കുമാര്‍ തിവാരി ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവച്ച കുറിപ്പ് വലിയ രോഷമാണ് ഉയർത്തുന്നത്. വിവാദമായതോടെ അദ്ദേഹം ട്വീറ്റ് പിൻവലിച്ചെങ്കിലും സ്ക്രീൻഷോട്ട് ഇപ്പോഴും പ്രചരിക്കുകയാണ്.

‘ചൈനയെ പിന്തുണയ്ക്കുന്ന സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ മകൻ ആശിഷ് യച്ചൂരി ചൈനീസ് കൊറോണ കാരണം മരിച്ചു’ എന്നാണ് ബിജെപി നേതാവ് കുറിച്ചത്. ട്വീറ്റ് വൈറലായതിന് പിന്നാലെ അദ്ദേഹം ട്വീറ്റ് പിൻവലിച്ചു. ഒട്ടേറെ നേതാക്കൾ രോഷം വ്യക്തമാക്കി രംഗത്തെത്തി.   ജമ്മു കശ്മീർ മുൻമുഖ്യമന്ത്രി ഒമർ അബ്ദുള്ള, നടി സ്വര ഭാസ്കർ എന്നിവർ കടുത്ത ഭാഷയിൽ ബിജെപി നേതാവിന്റെ പ്രവൃത്തിയെ വിമർശിച്ചു. സ്ക്രീൻഷോട്ട് ട്വിറ്ററിൽ പങ്കിട്ട് ഇരുവരും തുറന്നടിച്ചു. 

കോവിഡ് ബാധിച്ച് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിൽസയിലായിരുന്നു ആശിഷ് യച്ചൂരി. പുലർച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം. നിലവിൽ ന്യൂഡൽഹിയിലെ പ്രമുഖ മാധ്യമസ്ഥാപനത്തില്‍ സീനിയർ കോപ്പി എഡിറ്ററായി ജോലി ചെയ്യുകയായിരുന്നു.   

രണ്ടാഴ്ച മുൻപ് ഹോളി ഫാമിലി ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് ഗുരുഗ്രാമിലേക്കു മാറ്റുകയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യ, ഏഷ്യാവിൽ, ന്യൂസ് 18 എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. സീതാറാം യച്ചൂരി ഇപ്പോൾ വീട്ടിൽ ക്വാറന്റീനിൽ കഴിയുകയാണ്.  ആശിഷിന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.