ഓക്സിജൻ ക്ഷാമം: 24 ക്രയോജനിക് കണ്ടെയ്‌നറുകൾ ഇറക്കുമതി ചെയ്യാൻ ടാറ്റ

രാജ്യം ഒരുമനസോടെ നിന്ന് കോവിഡിന്റെ രണ്ടാം തരംഗത്തെ ചെറുക്കാനുള്ള തയാറെടുപ്പാണ് ഇപ്പോൾ എല്ലാ സംസ്ഥാനത്തും നടക്കുന്നത്. വൻ വ്യവസായികൾ അടക്കം ഇതിനാെപ്പം അണിനിരക്കുന്നുണ്ട്. പ്രധാനമായും ഓക്സിജൻ എത്തിക്കാനുള്ള നടപടികൾ എല്ലാവരും സ്വീകരിക്കുകയാണ്. ഇക്കൂട്ടത്തിൽ ദ്രവ രൂപത്തിലുള്ള ഓക്സിജൻ കൊണ്ടുപോകാൻ വേണ്ടി 24 ക്രയോജനിക് കണ്ടെയ്‌നറുകൾ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് ടാറ്റ ഗ്രൂപ്പ്. സമൂഹമാധ്യമങ്ങളിലൂടെയാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. 

ഈ പോരാട്ടത്തിൽ രാജ്യത്തിനൊപ്പം നിന്ന് സാധ്യമായതെല്ലാം ചെയ്യുമെന്ന് ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കി. വെന്റിലേറ്ററുകളും പിപിഇ കിറ്റുകളും മാസ്കുകളും കൈയ്യുറകളും കോവിഡ് ടെസ്റ്റിങ് കിറ്റുകളും വലിയ തോതിൽ ഇറക്കുമതി ചെയ്ത് കഴിഞ്ഞ വർഷവും ടാറ്റ രാജ്യത്തിന് കരുത്ത് പകർന്നിരുന്നു. കേരളത്തിനായി ഒരു കോവിഡ് ആശുപത്രിയും ടാറ്റ നൽകി. 1500 കോടിയാണ് ടാറ്റ ഗ്രൂപ്പ് കൊറോണ മഹാമാരിയെ നേരിടാൻ നീക്കിവച്ചത്.