കുംഭമേള: അഞ്ച് ദിവസത്തിനിടെ 1,701 പേർക്ക് കോവിഡ്

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കുംഭമേളയിൽ പങ്കെടുത്ത 1,701 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ. ആർ‌ടി-പി‌സി‌ആർ, റാപ്പിഡ് ആന്റിജൻ പരിശോധനകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഏപ്രിൽ 10നും 14നും ഇടയിലാണ് 1,701 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ചവരിൽ സന്ന്യാസിമാരും ഉൾപ്പെടുന്നു.

കൂടുതൽ ആർ‌ടി-പി‌സി‌ആർ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്നും രോഗബാധിതരുടെ എണ്ണം രണ്ടായിരമായി ഉയരുമെന്നും ഹരിദ്വാർ ചീഫ് മെഡിക്കൽ ഓഫിസർ ശംഭു കുമാർ ഝാ പറഞ്ഞു.

ഉത്തരാഖണ്ഡിലെ ഹരിദ്വാർ, തെഹ്രി ഗർവാൾ, ഡെറാഡൂൺ ജില്ലകളിലായി 670 ഹെക്ടർ പ്രദേശത്താണ് കുംഭമേള നടക്കുന്നത്. ദിവസവും ലക്ഷക്കണക്കിന് ആളുകൾ കുംഭമേളയിൽ പങ്കെടുക്കുന്നുണ്ട്. ഏപ്രിൽ 12, ഏപ്രിൽ 14 തീയതികളിൽ നടന്ന ‘ഷാഹി സ്‌നാനിൽ’ പങ്കെടുത്ത 48.51 ലക്ഷം ആളുകളിൽ ഭൂരിഭാഗം പേരും മാസ്ക്, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ്  മാർഗനിർദേശങ്ങൾ ലംഘിച്ചിരുന്നു.