യുപിയിൽ യോഗിക്കും അഖിലേഷ് യാദവിനും കോവിഡ്; പിടിമുറുക്കി രണ്ടാം തരംഗം

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനും കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചത് സ്ഥിരീകരിച്ച് യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു. തന്റെ ഓഫിസിലെ ചില ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച അദ്ദേഹം സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു. തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

സമീപദിവസങ്ങളിൽ താനുമായി സമ്പർക്കമുണ്ടായവർ കോവിഡ് പരിശോധനയ്ക്കു വിധേയരാകണമെന്ന് അദ്ദേഹം നിർദേശിച്ചു. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ തടസം കൂടാതെ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് വാക്സീനിന്റെ ആദ്യ ഡോസ് അദ്ദേഹം ഈ മാസം ആദ്യം സ്വീകരിച്ചിരുന്നു. 

ഇന്ത്യയെ കശക്കിയെറിഞ്ഞ് കോവിഡ് രണ്ടാം തരംഗം. ‌കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റജിസ്റ്റർ ചെയ്തത് 1,84,372 പുതിയ കോവിഡ് കേസുകൾ. പ്രതിദിന കണക്കിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. 82,339 പേർ ഇന്നലെ രോഗമുക്തരായപ്പോൾ 1,027 പേർ മരിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആറുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്.