കോവിഡ് രണ്ടാം തരംഗം ഏപ്രില്‍ പകുതിയോടെ മൂർച്ഛിക്കും; മെയ് അവസാനത്തോടെ കുറയും

കോവിഡിന്റെ രണ്ടാം തരംഗം ഏപ്രില്‍ 15നും 20നും ഇടയില്‍ രാജ്യത്ത് മൂര്‍ധന്യാവസ്ഥയിലെത്തുമെന്ന് ശാസ്ത്രജ്ഞർ. രോഗബാധിതരുടെ എണ്ണത്തില്‍ ഈ കാലയളവില്‍ റെക്കോര്‍ഡ് വര്‍ധനയുണ്ടാകുമെന്നും ഇതിനു ശേഷം കാര്യങ്ങള്‍ മെച്ചപ്പെടാമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 

സൂത്ര എന്ന ഈ ഗണിതശാസ്ത്ര സമീപനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ആദ്യ കോവിഡ് തരംഗം 2020 സെപ്റ്റംബറില്‍ മൂര്‍ധന്യാവസ്ഥയിലെത്തുമെന്നും 2021 ഫെബ്രുവരിയോടെ കുറയുമെന്നും പ്രവചിക്കപ്പെട്ടിരുന്നു. ഏപ്രില്‍ 15-20ലെ മൂര്‍ധന്യാവസ്ഥയ്ക്ക് ശേഷം അടുത്ത 15-20 ദിവസങ്ങളിലാണ് കേസുകള്‍ കുറയുകയെന്ന് കാണ്‍പൂര്‍ ഐഐടി പ്രഫസര്‍ മനിന്ദ്ര അഗര്‍വാള്‍ പറയുന്നു. മെയ് അവസാനത്തോടെ ഇപ്പോള്‍ ഉയര്‍ന്ന കോവിഡ് നിരക്ക് കുത്തനെ ഇടിയുമെന്നാണ് ഗണിതശാസ്രത മോഡലുകളുടെ അടിസ്ഥാനത്തില്‍ ശാസ്ത്രജ്ഞര്‍ പറയുന്നത്.

ഫെബ്രുവരിയിലെ ഇളവുകളും കോവിഡിന്റെ പുതിയ വകഭേദങ്ങളും ചേര്‍ന്നാണ് ഇപ്പോള്‍ കാണുന്ന കോവിഡ് രണ്ടാം തരംഗത്തിലേക്ക് നയിച്ചതെന്നും പ്രഫ. അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. ഒരു കോവിഡ് രോഗബാധിതന് എത്ര പേരിലേക്ക് ഒരു ദിവസം രോഗം പരത്താനാകും, രോഗകാലയളവില്‍ കോവിഡ് രോഗി വൈറസ് വ്യാപിപ്പിക്കുന്ന ആകെ ജനങ്ങളുടെ എണ്ണം, ജനസമൂഹം മഹാമാരിയിലേക്ക് എത്രമാത്രം തുറന്ന് കാട്ടപ്പെടുന്നു, കോവിഡ് കണ്ടെത്തിയതും കണ്ടെത്താത്തതുമായ കേസുകളുടെ അനുപാതം തുടങ്ങി പല ഘടകങ്ങളാണ് ഗണിതശാസ്ത്ര മോഡല്‍ ഉപയോഗിച്ചുള്ള പ്രവചനത്തില്‍ സഹായകമാകുന്നത്.

MORE IN INDIA