വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരാഞ്ജലി; ആക്രമണത്തിൽ ആരോപണ പ്രത്യാരോപണം

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാർക്ക് രാജ്യത്തിന്‍റെ ആദരാഞ്ജലി. ഛത്തീസ്ഗഡിലെ ജഗ്ദാൽപൂരിൽ നടന്ന അന്തിമോപചാര ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ തുടങ്ങിയവർ പങ്കെടുത്തു. അമിത്ഷായുടെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നതതല യോഗം സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി. ഇന്‍റലിജന്‍സ് വീഴ്ചയാണ് ആക്രമണത്തിന് കാരണമായതെന്ന റിപ്പോര്‍ട്ടുകളില്‍ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമാവുകയാണ്. 

രാവിലെ 10.30ഓടെയാണ് ആഭ്യന്തര മന്ത്രി അമിത്ഷാ മാവോയിസ്റ്റ് ആക്രമണം നടന്ന ബിജാപൂരിലെത്തിയത്. ജഗ്ദാല്‍പൂരില്‍ സൂക്ഷിച്ചിരുന്ന പതിനാറ് ജവാന്മാരുടെ മൃതദേഹങ്ങള്‍ക്ക് ആഭ്യന്തര മന്ത്രി അന്തിമോപചാരമര്‍പ്പിച്ചു. മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ഉന്നതതല യോഗം. യോഗത്തില്‍ മുഖ്യമന്ത്രിക്ക് പുറമെ സംസ്ഥാന പോലീസിൻ്റെയും, സി.ആർ.പി.എഫിൻ്റെയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. മാവോയിസ്റ്റുകള്‍ക്കെതിരെ സ്വീകരിക്കേണ്ട തുടര്‍നടപടികളും, ആക്രമണത്തിന് വഴിതെളിച്ച ഇന്‍റലിജന്‍സ് വീഴ്ച ഉള്‍പ്പെടേയുള്ള കാര്യങ്ങളും ചര്‍ച്ചയായെന്നാണ് വിവരം. ഉച്ചയ്ക്ക് ശേഷം പരുക്കേറ്റ ജവാന്മാരെ റായ്പൂരിലെ ആശുപത്രികളിലെത്തി ആഭ്യന്തര മന്ത്രി സന്ദര്‍ശിക്കും. തെറ്റായ ഇന്‍റലിജന്‍സ് വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സംയുക്ത സേന സില്‍ഗര്‍ വനത്തില്‍ പട്രോളിങിന് പോയതെന്നും, മാവോയിസ്റ്റുകള്‍ ഒരുക്കിയ കെണിയിലേക്ക് സൈനികര്‍ നടന്ന് കയറുകയായിരുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഇന്‍റലിജന്‍സ് വീഴ്ചയെക്കുറിച്ചുള്ള ആരോപണ പ്രത്യാരോപണങ്ങള്‍. ഇന്‍റലിജന്‍സ് വീഴ്ചയുണ്ടായില്ലെന്നാണ് സി.ആര്‍.പി.എഫ് തലവന്‍ കുല്‍ദീപ് സിങിന്‍റെയും മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്‍റെയും വാദം. ഇന്‍റലിജന്‍സ് വീഴ്ചയുണ്ടായെന്നും സംസ്ഥാന സര്‍ക്കാരിനാണ് ഉത്തരവാദിത്വമെന്നും മുന്‍മുഖ്യമന്ത്രി രമണ്‍ സിങ് ആരോപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ പരാജയമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്റെ വാദം. ഇന്‍റലിജന്‍സ് വീഴ്ചയില്ലെങ്കില്‍ മോശം ആസൂത്രണത്തില്‍ നടന്ന ഓപ്പറേഷനായിരുന്നു എന്ന് സമ്മതിക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.