12 വയസ്സുകാരനെ വളർത്തുമെന്നു ‘വാശിപിടിച്ച്’ മുത്തശ്ശി; അച്ഛനുമമ്മയും വളർത്തട്ടെ: കോടതി

12 വയസ്സുകാരനെ താൻ തന്നെ വളർത്തുമെന്നു ‘വാശിപിടിച്ച’ മുത്തശ്ശിയോട്, കുട്ടിയെ അച്ഛനുമമ്മയ്ക്കും വിട്ടുകൊടുക്കാൻ ബോംബെ ഹൈക്കോടതി നിർദേശിച്ചു.

മുത്തശ്ശിയും കൊച്ചുമകനും തമ്മിൽ സവിശേഷ ബന്ധമുണ്ടെങ്കിലും, മക്കളും മാതാപിതാക്കളുമായുള്ള സ്വാഭാവിക ബന്ധത്തിനു പകരമാകില്ലെന്നു കോടതി പറഞ്ഞു. പുണെ നിവാസികളായ ദമ്പതികളാണു കുട്ടിയെ തിരികെക്കിട്ടാൻ കോടതിയെ സമീപിച്ചത്. 

2019ൽ രോഗബാധിതയായപ്പോഴാണു കുട്ടിക്കൊപ്പം അമ്മ അവരുടെ അമ്മയുടെ വീട്ടിലെത്തിയത്. സുഖപ്പെട്ട ശേഷം മകനൊപ്പം മടങ്ങാനൊരുങ്ങിയെങ്കിലും കോവിഡ് കാരണം തടസ്സപ്പെട്ടു. 2020 മേയിൽ അമ്മ മാത്രം മടങ്ങി. പിന്നീടു കുട്ടിയെ കൂട്ടിക്കൊണ്ടുവരാൻ എത്തിയപ്പോൾ മുത്തശ്ശി സമ്മതിച്ചില്ല. 

മകളും ഭർത്താവും തമ്മിലുള്ള വഴക്ക് കുട്ടിയെ ബാധിക്കുമെന്നു വാദിച്ച് അവർ പൊലീസിനെയും ശിശുക്ഷേമസമിതിയെയും സമീപിച്ചപ്പോഴാണു ദമ്പതികൾ കോടതിയിലെത്തിയത്.