സ്ത്രീസംവരണത്തെ പറ്റിയുള്ള കാഴ്ചപ്പാടെന്ത്?; രാഹുലിനെ വെല്ലാൻ അഭിഭാഷകന്റെ ചോദ്യം; മറുപടി

തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ഒട്ടേറെ പരിപാടികളിൽ ഇന്നലെ രാഹുൽ ഗാന്ധി പങ്കെടുത്തിരുന്നു. പ്രസംഗം നടത്തി മടങ്ങാതെ ജനങ്ങളുടെ ചോദ്യത്തിന് മറുപടി നൽകിയാണ് രാഹുൽ മുന്നേറിയത്. കോളജ് വിദ്യാർഥികളോടും അഭിഭാഷകരോടും രാഹുൽ സംവദിച്ചു. ഇക്കൂട്ടത്തിൽ ഉയർന്ന ചോദ്യങ്ങൾക്കെല്ലാം രാഹുൽ വ്യക്തിപരമായും രാഷ്ട്രീയപരമായും മറുപടി നൽകി. അക്കൂട്ടത്തിൽ ഒരു ചോദ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. 

പാർലമെന്റിലും നിയമസഭകളിലും വനിതാ സംവരണത്തെ കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം എന്നായിരുന്നു തൂത്തുക്കുടി വിഒസി കോളജിലെ അഭിഭാഷകൻ രാഹുലിനോട് ചോദിച്ചത്. ചോദ്യത്തിന് രാഹുലിന്റെ മറുപടി ഇങ്ങനെ.‘ എന്റെ കാഴ്ചപാട് ഈ മുറിയിൽ തന്നെ പ്രതിഫലിക്കുന്നുണ്ട്. ഈ മുറിയിൽ തന്നെ അത്ര സൂക്ഷ്മമായി നോക്കിയെങ്കിൽ മാത്രമേ വിരലിൽ എണ്ണാവുന്ന വിധത്തിൽ എനിക്ക് സ്ത്രീകളെ കാണാൻ സാധിക്കുന്നുള്ളൂ. അതുകൊണ്ട് തന്നെ ഞാൻ വിശ്വസിക്കുന്നു നമ്മുടെ രാജ്യത്തെ ഓരോ സ്ഥാപനത്തിലും സ്ത്രീകൾക്ക് കൂടുതൽ അവസരം നൽകണം. ഞാൻ സ്ത്രീ സംവരണത്തെ പൂർണമായും അനുകൂലിക്കുന്നു. അതിനായി നിലകൊള്ളുന്നു. ജുഡീഷ്യറിയിലും ഇനിയും ഒരുപാട്, ഒരുപാട് സ്ത്രീകൾ കടന്നുവരണം.’ പുരുഷൻമാരായ അഭിഭാഷകർ തിങ്ങി നിറഞ്ഞ ഹാൾ നോക്കി രാഹുലിന്റെ ഈ മറുപടി നിറഞ്ഞ കയ്യടിയോടെയാണ് ഏറ്റെടുത്തത്.  വിഡിയോ കാണാം.