തമിഴ്നാട് ഇളക്കി മറിക്കാൻ ദേശീയ നേതാക്കൾ; അമ്പരപ്പിൽ തമിഴകം: പിന്നിലെ കാരണം ഇതാണ്..!

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ദേശീയ നേതാക്കളുടെ കുത്തൊഴുക്കാണ് തമിഴ്നാട്ടിലേക്ക്. രണ്ടാഴ്ചക്കിടെ  പ്രധാനമന്ത്രി നാളെ വീണ്ടും  എത്തുന്നു.  കോയമ്പത്തൂരടക്കമുള്ള തെക്കന്‍ തമിഴ്നാട് ഇളക്കി മറിച്ചു മടങ്ങിയ രാഹുല്‍ഗാന്ധി  അടുത്തയാഴ്ച ചെന്നൈ അടക്കമുള്ള വടക്കന്‍ തമിഴ്നാട്ടില്‍ വീണ്ടും പ്രചാരണത്തിനിറങ്ങും. കാര്യമായ സ്വാധീനമില്ലാത്ത സംസ്ഥാനത്ത് ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ ഇത്രയധികം  പ്രാധാന്യം നല്‍കുന്നതിന്റെ ഗുട്ടന്‍സ് പിടികിട്ടാതെ ഇരിക്കുകയാണ് തമിഴര്‍.

വോട്ടുശതമാനം നോക്കുകയാണങ്കില്‍ ചെറു ജാതിപാര്‍ട്ടികള്‍ക്കും പിന്നിലാണ് തമിഴ്നാട്ടില്‍ ദേശീയപാര്‍ട്ടികള്‍. പിന്നെ എന്തിനാണ് രാഹുല്‍ഗാന്ധിയും  പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ്നാടിന് ഇത്ര പ്രധാന്യം നല്‍കുന്നത്.

  

ഇത്തവണ ഒറ്റയ്ക്കു അധികാരം പിടിക്കാമെന്നത് അതിമോഹമാണെന്ന്  ബി.ജെ.പിക്കറിയാം. പക്ഷേ ലക്ഷ്യങ്ങള്‍ പലതാണ്. രാഹുല്‍ഗാന്ധിയും ജെ.പി നഡ്ഡയും രണ്ടുതവണ വീതവും പ്രധാനമന്ത്രിയും അമിത്ഷായും ഓരോ തവണയും ഇതിനകം തമിഴകത്ത് പ്രചാരണം നടത്തികഴിഞ്ഞു. വരും ദിവസങ്ങളില്‍ പ്രധാനമന്ത്രിയും  രാഹുലും മറ്റുനേതാക്കളും വീണ്ടുമെത്തുന്നുണ്ട്.