പെട്രോൾ 100 അടിച്ചു; മോദിയെ പ്രശംസിച്ച് ബിജെപി മന്ത്രി; ഭാവി കണ്ടുള്ള നീക്കം..

രാജ്യത്ത് പലയിടത്തും പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നിരിക്കുകയാണ്. എന്നിട്ടും ദിനംപ്രതി വില വർധിക്കുന്ന സാഹചര്യം. വില നിയന്ത്രിക്കാൻ ഒരു നടപടിയും കേന്ദ്രസർക്കാർ സ്വീകരിക്കുന്നതുമില്ല. കോവിഡ് പ്രതിസന്ധിയും പിന്നാലെ വരാനിരിക്കുന്ന വൻവിലവർധനയും എങ്ങനെ നേരിടുമെന്ന ആശങ്കയും ശക്തമാണ്. കേന്ദ്രസർക്കാരിനെതിരെ വൻരോഷം ഉയരുമ്പോൾ വ്യത്യസ്ഥമായ കാഴ്ചപാടിലൂടെ ഇതിനെ നോക്ക് കണ്ട് മോദിയെ അഭിനന്ദിക്കുകയാണ് ബിജെപി മന്ത്രി. മധ്യപ്രദേശിലെ മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗാണ് മോദിയെ വാഴ്ത്തി രംഗത്തെത്തിയത്. 

ഇന്ധനവില ഉയരുന്നതോടെ ജനം ഉപയോഗം കുറയ്ക്കുമെന്നും സൗരോർജ്ജത്തിലേക്കും ഇലക്ട്രിക് ഉപയോഗത്തിലേക്കും ജനം തിരിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത് ഭാവിയിൽ വലിയ നേട്ടം ഉണ്ടാക്കും. ഇതിലൂടെ ആഗോളതലത്തില്‍ത്തന്നെ എണ്ണവിലയുടെ നിയന്ത്രണത്തിന് ഇന്ത്യയ്ക്ക് പ്രധാനപങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറയുന്നു. 

അതേസമയം ഇന്ധനവിലയില്‍ ഇരുട്ടടി തുടരുകയാണ്. തിരുവനന്തപുരത്ത് പെട്രോളിന് 92 രൂപ കടന്നു. പെട്രോളിന് 92.07 രൂപ ഡ‍ീസലിന് 86.61 രൂപ എന്നിങ്ങനെയായി വില ഉയര്‍ന്നു. പാറശാലയില്‍ പെട്രോളിന് 92.27 രൂപയായി കൊച്ചിയില്‍ ഡീസലിന് 85 രൂപയാണ് വില.  പെട്രോള്‍ 90.35. ഇന്ന് കൂടിയത് ഡീസലിന് 34 പൈസയും പെട്രോളിന് 31 പൈസയും.