ട്രാഫിക് ബ്ലോക്ക് സഹിക്കാൻ പറ്റാതായി; 30 കോടിയുടെ ഹെലികോപ്റ്റർ വാങ്ങി വ്യവസായി

30 കോടിയുടെ ഹെലികോപ്റ്റർ വാങ്ങി മഹാരാഷ്ട്രയിലെ വ്യവസായി ജനാർദനൻ ഭോയർ. ട്രാഫിക് ബ്ലോക്ക് സഹിക്കാൻ പറ്റാത്തതുകൊണ്ടാണ് ഈ തീരുമാനത്തിലേക്കെത്തിയതെന്ന് ജനാർദനന്‍ പറയുന്നു. വ്യാവസായിക ആവശ്യങ്ങൾക്കായി രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും സ​ഞ്ചരിക്കേണ്ടി വരാറുണ്ടെന്നും ട്രാഫിക് ബ്ലോക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെന്നും ജനാർദനൻ പറയുന്നു. 

കലക്ടറുടെയും പോലീസ് കമ്മീഷണറുടെയും അനുവാദം വാങ്ങിയതിനു ശേഷമാണ് ഹെലികോപ്റ്റർ വാങ്ങിയത്. മൂന്ന് ഏക്കർ സ്ഥലത്താണ് ഹെലിപാഡ് നിർമിച്ചത്. രണ്ട് പൈലറ്രുമാരെയും എഞ്ചീനീയർമാരെയും അഞ്ച് സുരക്ഷാ ജീവനക്കാരെയും ജനാർദനൻ ജീവനക്കാരായി നിയോഗിച്ചിട്ടുണ്ട്. ഇവർക്ക് പ്രതിമാസം 10  ലക്ഷത്തോളം ശമ്പളം നൽകുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ നാട്ടിൽ ഹെലികോപ്റ്റർ എത്തിയതിന്റെ സന്തോഷത്തിലാണ് ഗ്രാമവാസികളും.

50 ഏക്കർ സ്ഥലത്ത് അരിയും പച്ചക്കറികളുമാണ് ജനാർദനനും കുടുംബവും കൃഷി ചെയ്യുന്നത്. 300 ഓളം പശുക്കളുള്ള ഒരു ഡയറി ഫാമും ഉണ്ട്. ഇതിനും പുറമേ റിയൽ എസ്റ്റേറ്റിലും കൈവെച്ചിട്ടുണ്ട്.  പ​ഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന എന്നിവടങ്ങളിൽ നിന്നുമാണ് പശുക്കളെ ഇറക്കുമതി ചെയ്യുന്നതെന്നും ഇത്തരം ആവശ്യങ്ങള്‍ക്കായി ഒരുപാട് യാത്ര ചെയ്യേണ്ടി വരാറുണ്ടെന്നും ജനാർദനൻ പറയുന്നു.