ചെങ്കോട്ടയിൽ പാറേണ്ടത് ത്രിവര്‍ണ പതാക; ഇത് തെറ്റ്; ദൗര്‍ഭാഗ്യകരം: തരൂർ

'ഇത് തീർത്തും നിർഭാഗ്യകരമായ കാഴ്ചയാണ്. ഞാൻ കർഷകരെ അനുകൂലിച്ച വ്യക്തിയാണ്. എന്നാൽ ഈ പ്രവർത്തി ദൗര്‍ഭാഗ്യകരമാണ്. ചെങ്കോട്ടയ്ക്കു മുന്നിൽ ഉയരേണ്ടിയിരുന്നത് ത്രിവർണപതാക മാത്രമാണ്.' ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്തിയ നടപടിയെ തള്ളി ശശി തരൂർ രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ദേശീയ തലസ്ഥാനത്തേക്ക് പ്രതിഷേധ‌വുമായി എത്തിയ കർഷകരും പൊലീസും തമ്മിൽ വിവിധ ഇടങ്ങളിൽ പ്രതിഷേധമുണ്ടായി. ചെങ്കോട്ടയിലും നഗരഹൃദയമായ ഐടിഒയിലും കർഷകർ പ്രവേശിച്ചു. ചെങ്കോട്ടയിൽ കയറിയ കർഷകരെ തടയാൻ പൊലീസിന് കഴിഞ്ഞില്ല. ചെങ്കോട്ട കീഴടക്കിയ കർഷകർ പതാക സ്ഥാപിച്ചു. പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും കർഷകരെത്തി. ഐടിഒയിലുണ്ടായ സംഘർഷത്തിനിടെ ഒരു കർഷകൻ മരിച്ചു. ഉത്തരാഖണ്ഡിൽ നിന്നുള്ളയാളാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. പൊലീസ് വെടിവയ്പിലാണ് മരണമെന്ന് കർഷകർ ആരോപിച്ചു. ട്രാക്ടർ മറിഞ്ഞാണ് മരണമെന്ന് പൊലീസ് പ്രതികരിച്ചു.