2 വർഷത്തിനിടെ 50 ലക്ഷം പേരെത്തി; സ്റ്റാച്യൂ ഓഫ് ലിബർട്ടിയെ പിന്നിലാക്കി; മോദി

യുഎസിലെ സ്റ്റാച്യൂ ഓഫ് ലിബർട്ടി സന്ദർശിക്കുന്നതിലും കൂടുതൽ ആളുകൾ ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റിയിൽ എത്താറുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമ ഉദ്ഘാടനം ചെയ്ത് രണ്ടു വർഷത്തിനകം 50 ലക്ഷത്തോളം സന്ദർശകരാണിവിടെയെത്തിയത്. ഏകതാ പ്രതിമയിലേക്ക് എട്ടു ട്രെയിൻ സർവീസുകൾ വിഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ട്രെയിൻ സർവീസ് നിലവിൽ വരുന്നതോടെ ഇവിടേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ ദിനംപ്രതി ഒരു ലക്ഷത്തോളം പേരുടെ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറയുന്നു. സ്റ്റാച്യൂ ഓഫ് യൂണിറ്റിയിലെത്തുന്ന സന്ദർശകരെക്കാളും സാധാരണക്കാർക്കായിരിക്കും ട്രെയിൻ സർവീസുകൾ ഗുണകരമാകുക. സ്ഥലത്തുള്ള ചില തീർത്ഥാടക കേന്ദ്രങ്ങളിൽ എത്തുന്നവർക്കും ഇത് ഗുണകരമാകുമെന്നും മോദി കൂട്ടിച്ചേർത്തു. 2018 ഒക്ടോബറിൽ സർദാർ വല്ലഭായ് പട്ടേലിന്റെ 143–ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ഏകതാ പ്രതിമ ഉദ്ഘാടനം ചെയ്തത്.