ഏകതാ പ്രതിമയിലേക്ക് 8 പുതിയ ട്രെയിനുകൾ; ചിത്രം പങ്കിട്ട് മോദി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു ഏകതാപ്രതിമ. ഇപ്പോഴിതാ രാജ്യത്തിന്റെ ടൂറിസം ചരിത്രത്തിൽ വലിയ സ്വാധീനമാകുന്ന തരത്തിൽ ഏകതാപ്രതിമയിലേക്കുള്ള യാത്രാസൗകര്യങ്ങൾക്കായി ഏട്ടു പുതിയ ട്രെയിനുകൾ കൂടി ഒരുങ്ങുന്നു. നാളെ പ്രധാനമന്ത്രി തന്നെ പുതിയ  ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും. 

വിനോദ സഞ്ചാരികൾക്ക് പൂർണമായും പുറംകാഴ്ചകൾ കാണാനുള്ള സജ്ജീകരണം ഉറപ്പാക്കുന്ന വിസ്റ്റാ ഡോം കോച്ചുകളാണ് ഈ ട്രെയിനുള്ളത്. ട്രെയിനിന്റെ ചിത്രങ്ങൾ മോദി ട്വിറ്ററിൽ പങ്കുവച്ചു. വിഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പ്രധാനമന്ത്രി കെവാദിയയ്ക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നത്. ഗ്രീന്‍ ബില്‍ഡിംഗ് സര്‍ട്ടിഫിക്കേഷനുള്ള ഇന്ത്യയിലെ പ്രഥമ റെയില്‍വേ സ്റ്റേഷനാണ് കെവാദിയയിലേത്. 

സർദാർ വല്ലഭായ് പട്ടേലിന്‍റെ ‘ഏകതാപ്രതിമ’ (സ്റ്റാച്യു ഓഫ് യൂണിറ്റി) ന്യൂയോര്‍ക്കിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെക്കാൾ സന്ദർശകരെ ആകർഷിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഗുജറാത്തിലെ നര്‍മദ നദിയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപമുള്ള കെവാഡിയ ഗ്രാമത്തിൽ 2989 കോടി രൂപ മുതല്‍മുടക്കില്‍ ഉയർന്ന ‘ഏകതാ പ്രതിമ’ രാജ്യത്തെ മാതൃക വിനോദ സഞ്ചാര കേന്ദ്രമായി വളരണമെന്നുള്ളത് പ്രധാനമന്ത്രിയുടെ ലക്ഷ്യമാണ്.

2018ലെ സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനമായ ഒക്ടോബർ 31നാണു പ്രതിമ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്.