എന്റെ ഈ വാക്ക് കുറിച്ചുവച്ചോളൂ; നിയമം പിൻവലിക്കേണ്ടി വരും: വെല്ലുവിളിച്ച് രാഹുൽ

‘എന്റെ ഈ വാക്കുകൾ നിങ്ങൾ കുറിച്ചുവച്ചാളൂ, കേന്ദ്രസർക്കാരിന് ഈ കാർഷികനിയമങ്ങൾ പിൻവലിക്കേണ്ടി വരും..’. ഉറച്ച ശബ്ദത്തോടെ രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. കർഷകരുടെ നിലപാട് ഏറെ അഭിമാനം നൽകുന്നതാണെന്നും എന്നും അവർക്കൊപ്പം ഉണ്ടാകുമെന്നും രാഹുൽ ആവർത്തിച്ചു. ഈ വിഡിയോ അദ്ദേഹം ട്വിറ്ററിലും പങ്കുവച്ചിട്ടുണ്ട്. വിളവെടുപ്പ് ഉത്സവമായ പൊങ്കലിനോട് അനുബന്ധിച്ചു നടത്തുന്ന ജല്ലിക്കെട്ട് കാണാന്‍ മധുരയിലെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.

കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കു പ്രതീകാത്മക പിന്തുണ നല്‍കുകയായാരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനലക്ഷ്യം.രാജ്യത്തിന്റെ ഭാവിക്ക് തമിഴ് സംസ്‌കാരവും ഭാഷയും ചരിത്രവും സുപ്രധാനമാണെന്ന് രാഹുല്‍ പറഞ്ഞു. രാജ്യം ഈ സംസ്‌കാരത്തെ ബഹുമാനിക്കണം. തമിഴ് ജനതയ്ക്കുമേല്‍ അധീശത്വം പുലര്‍ത്താന്‍ ശ്രമിക്കുകയും തമിഴ് സംസ്‌കാരത്തെ അവഗണിക്കുകയും ചെയ്യുന്നവര്‍ക്കുള്ള സന്ദേശമാണ് തന്റെ സന്ദര്‍ശനം. തമിഴ് ജനതയ്‌ക്കൊപ്പം നില്‍ക്കേണ്ടതു തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

മധുരയിലെ ആവണിപുരത്താണ് രാഹുൽ എത്തിയത്. കര്‍ഷകരോടുള്ള ബഹുമാനാര്‍ഥമാണ് രാഹുലിന്റെ സന്ദര്‍ശനമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലൊന്നും അദ്ദേഹം പങ്കെടുക്കില്ല. ഏപ്രില്‍-മേയ് മാസങ്ങളിലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്.