കര്‍ഷകന്റെ വീട്ടിൽ നിലത്തിരുന്ന് അമിത്ഷായുടെ ഉച്ചഭക്ഷണം; വിമർശനവും

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബംഗാളിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഉച്ചഭക്ഷണം കഴിച്ചത് ഒരു കര്‍ഷകന്റെ വീട്ടില്‍ നിന്ന്. കർഷകന്റെ വീട്ടിൽ നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങൾ അമിത്ഷാ തന്നെ സാമൂഹിക മാധ്യമങ്ങളിലും പങ്കുവച്ചു. സനാതന്‍ സിങ് എന്നയാളുടെ വീട്ടില്‍ നിന്നാണ് അമിത് ഷായുടെ ഉച്ചഭക്ഷണം.

മണ്ണുകൊണ്ട് പണിത ഇദ്ദേഹത്തിന്റെ വീടിന്റെ ചിത്രങ്ങളും നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. കര്‍ഷകരെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് അമിത് ഷാ ഒരു കര്‍ഷകന്റെ വസതിയില്‍ നിന്ന് തന്നെ ഭക്ഷണം കഴിക്കുന്നതെന്നതരത്തിൽ പ്രതിപക്ഷപാർട്ടികൾ വിമര്‍ശനവും ഉയർത്തിക്കഴിഞ്ഞു. 

കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ അപമാനിച്ചുകൊണ്ട് പ്രസ്താവന നടത്തിയവര്‍ ബംഗാളിലെത്തുമ്പോള്‍ കര്‍ഷക വസതിയിലെത്തി ഷോ കാണിക്കുന്നതിനെയാണ് തൃണമൂൽ കോൺഗ്രസ് അടക്കം ചോദ്യം ചെയ്യുന്നത്. പ്രതിഷേധിക്കുന്നവര്‍ കര്‍ഷകരല്ലെന്നും അവര്‍ രാജ്യവിരുദ്ധരാണെന്നുമാണ് കേന്ദ്രം ആവര്‍ത്തിക്കുന്നത്. പിന്നെ എന്തിന്റെ പേരിലാണ് ഇതേ കര്‍ഷകരുടെ വസതിയിലെത്തി ഭക്ഷണം കഴിക്കുകയും കര്‍ഷക ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നതെന്നുമാണ് ഉയരുന്ന ചോദ്യം. അമിത്ഷാ ചിത്രങ്ങൾ പങ്കുവച്ചതിന് താഴെയും വിമർശന കമന്റുകൾ ഉയർന്നു. 

അതേസമയം 11 ബംഗാള്‍ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. എട്ട് തൃണമൂല്‍ അംഗങ്ങളും ഒരു സിപിഎം അംഗവുമടക്കം ഇവരില്‍ ഉള്‍പ്പെടും. മുന്‍മന്ത്രി സുവേന്ദു അധികാരി തൃണമൂല്‍ എം.പി സുനില്‍ മൊണ്ഡല്‍ എന്നിവരും ബി.ജെ.പിയില്‍ ചേര്‍ന്നവരുടെ കൂട്ടത്തിലുണ്ട്. എല്ലാവര്‍ക്കും അമിത് ഷാ അംഗത്വം നല്‍കി.