ഡെപ്യൂട്ടി സ്പീക്കറെ ‘പൊക്കി’ കോൺഗ്രസ് എംഎൽസിമാർ; രാഹുൽ കാണുന്നില്ലേ: ബിജെപി

കർണാടക നിയമനിർമാണ കൗൺസിലിൽ കയ്യാങ്കളി. സ്പീക്കർക്കെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ഒടുവിൽ കയ്യാങ്കളിയിൽ കലാശിച്ചത്. സ്പീക്കറെ സഭയിൽ കയറ്റില്ലെന്നു ബിജെപിയും ജെഡിഎസും നിലപാടെടുത്തത് തർക്കത്തിന് വഴിവച്ചു. തുടർന്ന്  ഡെപ്യൂട്ടി സ്പീക്കറെ കോൺഗ്രസ് എം.എൽ.സിമാർ കയ്യേറ്റം ചെയ്തു. സ്പീക്കറെ ബിജെപി തടഞ്ഞെങ്കിലും വാച്ച് ആൻഡ് വാർഡിന്റെ സഹായത്തോടെ സഭയിലെത്തിയ സ്പീക്കർ നിയമ നിർമാണ കൗൺസിൽ അനിശ്ചിത കാലത്തേയ്ക്ക്  പിരിച്ചു വിട്ടു.

പിന്നാലെ സംഭവത്തിന്റെ വിഡിയോ പങ്കുവച്ച് രാഹുൽ ഗാന്ധിയോട് കർണാടക ബിജെപി നേതൃത്വം രോഷം അറിയിച്ചു. പ്രിയ രാഹുൽ ഗാന്ധി, ഇങ്ങനെയാണ് നിങ്ങളുടെ എംഎൽ‌സിമാർ കർണാടകയിലെ ജനാധിപത്യം നശിപ്പിക്കുന്നത്. മറ്റുള്ളവരെ ജനാധിപത്യം പഠിപ്പിക്കാൻ നിങ്ങൾക്ക് എന്താണ് യോഗ്യത. ഭരണഘടനയോട് എന്തെങ്കിലും ബഹുമാനമുണ്ടെങ്കിൽ അക്രമം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നും ട്വിറ്ററിലൂടെ ബിജെപി ആവശ്യപ്പെടുന്നു.