ശരദ് പവാറിന് ഇന്ന് എണ്‍പതാം പിറന്നാൾ; മറാഠാമണ്ണും മനസും തൊട്ടറിഞ്ഞ നേതാവ്

എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന് ഇന്ന് എണ്‍പതാം പിറന്നാള്‍. മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്നതിനൊപ്പം, ദേശീയ രാഷ്ട്രീയത്തില്‍ വീണ്ടും ചുവടുറപ്പിക്കാനൊരുങ്ങുകയാണ് അദേഹം. സോണിയ ഗാന്ധി യുപിഎ അധ്യക്ഷ പദവി ഒഴിഞ്ഞാല്‍ നേതൃസ്ഥാനം പവാറിലേക്ക് എത്തുമെന്നാണ് സൂചനകള്‍.

കഴിഞ്ഞ ഒക്ടോബറില്‍ നടന്ന മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന്‍റെ തലവര മാറ്റി പശ്ചിമമഹാഷ്ട്രയിലെ ഈ പെരുംമഴയത്ത് പ്രസംഗിക്കുമ്പോള്‍ ശരദ് ഗോവിന്ദറാവു പവാറിന് വയസ് എഴുപത്തി ഒന്‍പത്. പിന്നീട് ത്രിശങ്കുവിലായ സര്‍ക്കാര്‍ രൂപീകരണവും, അനന്തരവന്‍ അജിത് പവാറിനെ റാഞ്ചി ബിജെപി നടത്തിയ പാതിരാ സര്‍ക്കാര്‍ നാടകവും പൊളിച്ച്, ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയ കോണ്‍ഗ്രസ്–ശിവസേന സഖ്യം സാധ്യമാക്കിയാണ് കഴിഞ്ഞ പിറന്നാളിന് പവാര്‍ സദ്യയുണ്ടത്. ഇന്ന് ജീവിതത്തിന്‍റെ എണ്‍പതാം ഇന്നിങ്സ് തികയ്ക്കുമ്പോള്‍, താന്‍ കോണ്‍ഗ്രസ് വിടുന്നതിന് കാരണമായ സോണിയ ഗാന്ധി വഹിച്ചിരുന്ന യുപിഎ അധ്യക്ഷ പദവിയിലേക്ക് പവാര്‍ എത്തുമെന്ന വാര്‍ത്തകള്‍ സജീവമാകുന്നത് യാദൃശ്ചികം. മഹാരാഷ്ട്രയുടെ മണ്ണും മറാഠി മനസും ശരദ് പവാറിനോളം തൊട്ടറിഞ്ഞ മറ്റൊരു വ്യക്തിയും ഇന്ന് ജിവിച്ചിരിപ്പില്ല. അരനൂറ്റാണ്ട് പിന്നിട്ട പൊതുജീവിതത്തില്‍ അസാമാന്യ മെയ്‍വഴക്കം പ്രകടിപ്പിച്ചാണ് മറാഠ സ്ട്രോങ് മാന്‍ മുന്നേറിയത്. മൂന്ന് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രി, കൃഷി, ഭക്ഷ്യ–പൊതുവിതരണം, പ്രതിരോധം അടക്കം കേന്ദ്രമന്ത്രിസഭയിലെ പ്രധാന വകുപ്പുകള്‍. ദീര്‍ഘകാലമായി പാര്‍ലമെന്‍റംഗം, രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷന്‍, ‌പദവികളാല്‍ സമ്പന്നമാണ് പവാറിന്‍റെ പൊതുജീവിതം.

കുടുംബത്തിനുള്ളിലെ തര്‍ക്കമാണ് പവാറിനെ നിലവിലെ ഏറ്റവും വലിയ തലവേദന. പിന്‍ഗാമിയാകാന്‍ മകള്‍ സുപ്രിയ സുളെയും അനന്തരവന്‍ അജിത് പവാറും ഏറ്റുമുട്ടുമ്പോള്‍ പവാര്‍ ആരുടെയും പക്ഷം പിടിക്കാത്തത്, എന്‍സിപി എന്ന തന്‍റെ പ്രസ്ഥാനത്തിന്‍റെ ഭാവിയില്‍ ആശങ്കയുള്ളതിനാല്‍ തന്നെ. എങ്കിലും, ചടുലമായ ആനുകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ എണ്‍പതിന്‍റെ ചെറുപ്പത്തിലെ പവാര്‍ നീക്കങ്ങള്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് അനുയായികള്‍.