അരിവാൾ കൊണ്ട് വിളവെടുക്കുന്നവൾ; എന്തറിയാം എന്നെപ്പറ്റി?'; കങ്കണയോട് സമരനായിക

തനിക്കെതിരെ വിവാദപ്രസ്താവനയുമായി രംഗത്തെത്തിയ ബോളിവുഡ് താരം കങ്കണ റണൗട്ടിനെതിരെ ആ‍ഞ്ഞടിച്ച് ഷഹീൻബാഗ് സമരനായിക ബിൽക്കീസ് ബാനു. ഡല്‍ഹിയിൽ നടക്കുന്ന കർഷകസമരത്തിലും സജീവമാണ് ഈ വയോധിക. അരിവാൾ കൊണ്ട് വിളവെടുക്കുന്നയാളാണ് താനെന്നും തന്നെക്കുറിച്ച് കങ്കണക്ക് എന്തറിയാമെന്നും ബിൽക്കിസ് ചോദിച്ചു. 

''ഇന്ത്യയിലെ കരുത്തുറ്റ സ്ത്രീയായി ടൈം മാഗസിൻ വിശേഷിപ്പിച്ച വ്യക്തിയാണ്. പക്ഷേ 100 രൂപ കൊടുത്താൽ എവിടെയും എത്തും'' എന്നായിരുന്നു  കങ്കണയുടെ പ്രസ്താവന. വിവാദമായതോടെ ട്വീറ്റ് പിൻവലിക്കുകയായിരുന്നു. 

''ഒരു നടി എന്നെക്കുറിച്ച് ഇത്തരത്തിൽ പറഞ്ഞെന്നു കേട്ടു. എന്നെക്കുറിച്ച് അവർക്ക് എന്തറിയാം? അവർ എന്റെ വീട് കണ്ടിട്ടില്ല. ഞാനെന്താണ് ചെയ്യുന്നതെന്ന് അറിയില്ല. എന്നിട്ടാണ് 100 രൂപക്ക് ഞാൻ എവിടെയും എത്തും എന്നു പറയുന്നത്. എനിക്ക് മൂന്ന് പെൺമക്കളുണ്ട്. എല്ലാവരെയും വിവാഹം ചെയ്തയച്ചു. മകനും ഭാര്യയും അവരുടെ മക്കളും എന്നോടൊപ്പമാണ് താമസം. അരിവാൾ കൊണ്ട് വിളവെടുക്കുന്ന ആളാണ് ഞാന്‍. പരുത്തിയും കൃഷി ചെയ്യുന്നുണ്ട്. വീട്ടിലേക്കുള്ള പച്ചക്കറികളും ഞാൻ തന്നെയാണ് കൃഷി ചെയ്തുണ്ടാക്കുന്നതും പരിപാലിക്കുന്നതും.  എനിക്കിപ്പോഴും ഡൽഹിയിൽ പോകാൻ സാധിക്കും. അതിനുള്ള ആവേശവും ഊർജവുമുണ്ട്. കർഷകകസമരത്തിൽ ഞാൻ സജീവവുമാണ്'', ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ബിൽക്കീസ് പറഞ്ഞു.