എക്സിറ്റ് പോളുകൾ തോറ്റപ്പോള്‍ ജയിച്ച മലയാളി; പ്രവചനം കൃത്യം; എങ്ങനെ?

abbin-theeppura
SHARE

ബിഹാർ തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിനു വിജയം പ്രവചിച്ച പ്രമുഖ എക്സിറ്റ് പോളുകളെല്ലാം പിഴച്ചപ്പോൾ, ഫലം ശരിയായി പ്രവചിച്ചത് മലയാളിയുടെ നേതൃത്വത്തിലുള്ള പൊളിറ്റിക്കൽ മാർക്കർ എന്ന സ്റ്റാർട്ട് അപ് സ്ഥാപനമാണ്. കൊല്ലം ഓച്ചിറ സ്വദേശി അബിൻ തീപ്പുരയുടെ നേതൃത്വത്തിലുള്ള  സ്ഥാപനമാണ് എൻഡിഎയുടെ വിജയം പ്രവചിച്ചത്. എൻഡിഎ, മഹാസഖ്യം, മറ്റുള്ളവർ എന്നിവർക്കു ലഭിക്കുന്ന സീറ്റുകളുടെ എണ്ണവും അബിൻ കൃത്യമായി പ്രവചിച്ചു. 

എൻഡിഎ 123– 135 സീറ്റ് വരെ നേടുമെന്ന് ഫലപ്രഖ്യാപനത്തിന്റെ തലേന്നു പുറത്തുവിട്ട പൊളിറ്റിക്ക് മാർക്കറിന്റെ എക്സിറ്റ് പോൾ പ്രവചിച്ചിരുന്നു. മഹാസഖ്യം 104 – 115 വരെയും മറ്റുള്ളവർ 0 – 10 സീറ്റ് വരെയും നേടുമെന്നും പ്രവചിച്ചു. ഇതിന് പിന്നിൽ വലിയ തരത്തിലുള്ള പഠനമാണ് നടത്തേണ്ടത്. എങ്ങനെയാണ് ഇത്രമാത്രം കൃത്യമായി പ്രവചനം നടത്തിയതെന്ന് വിശദീകരിക്കുകയാണ് അബിൻ മനോരമ ന്യൂസിനോട്. 

അബിന്റെ വാക്കുകൾ: 6 വർഷമായി തിരഞ്ഞെടുപ്പ് മേഖലയിൽ പ്രവർത്തിക്കുകയാണ്. അതിൽ 3 വർഷം തിരഞ്ഞെടുപ്പ് തന്ത്ര‍‍ജ്ഞൻ പ്രശാന്ത് കിഷോറിനൊപ്പം ജോലി ചെയ്ത പരിചയമുണ്ട്. കഴിഞ്ഞ വർഷമാണ് ഡൽഹി ആസ്ഥാനമായ പൊളിറ്റിക്കൽ മാർക്കർ എന്ന സ്റ്റാർട്ടപ്പ് സ്ഥാപിച്ചത്. ആന്ധ്രയിലെ ജഗൻ സർക്കാരിലാണ് തുടക്കം. സർവേകൾ  പലപ്പോഴും തെറ്റുപറ്റിയിട്ടുണ്ട്. തെറ്റിൽ നിന്നാണല്ലോ പഠിക്കുന്നത്. നമ്മൾ ചെയ്യുന്നത് ചെറിയ സാമ്പിളെടുത്ത് ലോകം മുഴുവൻ ചിന്തിക്കുന്നത് എന്തെന്ന് കാണിക്കുകയാണ്. അതിന്റെ ഉദാഹരണമാണ് മറ്റ് എക്സിറ്റ് പോളുകൾ. 

എല്ലാവരും മഹാസഖ്യം അധികാരത്തിൽ വരുമെന്ന് കണക്കുകൂട്ടി. സംഭവിച്ചത് മറിച്ചും. അമേരിക്കന്‍ തിരഞ്ഞെടുപ്പിൽ എല്ലാവരും ബൈഡന് വലിയ ലീഡ് എന്നാണ് പറഞ്ഞത്. പക്ഷേ ഫലം വളരെ ടൈറ്റായിരുന്നില്ലേ.

ബിഹാർ 4 മേഖലയായി തിരിച്ചു. വോട്ടർമാരോട് നേരിട്ട് സംസാരിച്ചു. അവരുടെ രാഷ്ട്രീയ ചായ്‍വ് മനസ്സിലാക്കി. കോൺഗ്രസുകാരൻ കോൺഗ്രസ് ജയിക്കുമെന്നേ പറയൂ. ബിജെപിക്കാരൻ ബിജെപിയെന്നും. ന്യൂട്രൽ വോട്ടർ അല്ലെങ്കിൽ സ്വിങ് വോട്ടർമാരാണ് നിർണായകം. മാത്രമല്ല ഒരു സ്ഥലത്ത് എല്ലാവരും ബിജെപി എന്ന് പറയും, അപ്പോൾ കഴിഞ്ഞ 3 തിരഞ്ഞെടുപ്പിന്റെ വിവരങ്ങൾ ശേഖരിക്കും. അതിലും ബിജെപിയാണ് വിജയിച്ചതെങ്കിൽ ഉറപ്പിക്കും.  സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് വിവരങ്ങൾ ക്രോഡീകരിക്കുന്നത്. സ്വിങ് വോട്ടർമാരെ അനുകൂലമാക്കുക എന്നുള്ളതാണ് വിജയത്തിലേക്കുള്ള വഴി. മാറി മാറി വോട്ടുകൾ ചെയ്യുന്നവരാണ് സ്വിങ് വോട്ടർമാർ.

ബിഹാറിൽ നിതീഷ് കുമാറിനെതിരെ മാത്രമേ ഒരു ഭരണവിരുദ്ധവികാരം ഉണ്ടായിരുന്നുള്ളൂ. ബിജെപിക്ക് എതിരെ ഉണ്ടായിരുന്നില്ല ഇല്ല. അവർക്ക് മോദി എന്നും സ്വീകാര്യനായ നേതാവാണ്. ആർജെഡി കാര്യമായി വോട്ടുകൾ നേടുമെന്നും ഉറപ്പാണ്. കാരണം യുവാക്കൾ തേജസ്വിക്ക് പിന്നിലായിരുന്നു. മുസ്‍ലിം വോട്ട് മഹാസഖ്യത്തിന് ലഭിക്കേണ്ടത് തന്നെയായിരുന്നു. പക്ഷേ അത് ഒവൈസിയുടെ പാർട്ടി നേടി. അതു ഞങ്ങൾ കൃത്യമായി കണ്ടെത്തിയിരുന്നു.  ഇങ്ങനെയൊക്കെയാണ് ഇത്രയും കൃത്യമായ പ്രവചനം നടത്തിയത്. 

കേരളത്തിലും തമിഴ്നാട്ടിലും അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ എക്സിറ്റ് പോൾ നടത്താനൊരുങ്ങുകയാണ് അബിൻ ഇപ്പോൾ.

MORE IN INDIA
SHOW MORE
Loading...
Loading...