തമിഴ്നാട്ടുകാരുടെ 'സിങ്കപ്പെണ്ണ്'; കമലയുടെ വിജയം ആഘോഷമാക്കി നാട്

അമേരിക്കന്‍ വൈസ് പ്രസിഡന്റായി കമല ഹാരിസ് തിരഞ്ഞെടുത്തതോടെ തമിഴ്നാട്ടിലെ മന്നാര്‍ഗുഡിക്കു സമീപമുള്ള തുളസേന്ദ്രപുരം ഗ്രാമത്തില്‍ വമ്പന്‍ ആഘോഷം. കമലയുടെ മുത്തഛ്ഛന്റെ ജന്‍മനാടായ തുളസേന്ദ്രപുരത്ത് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതു മുതല്‍ പ്രത്യേക പുജകളും പ്രാര്‍ഥനാ ചടങ്ങുകളും നടത്തിയിരുന്നു. 

മന്നാര്‍ഗുഡി  തുളസേന്ദ്രപുരത്തിന് പേരക്കുട്ടിയാണ്  അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് . നയതന്ത്രജ്ഞന്‍ പി.വി ഗോപാലന്റെ പേരക്കുട്ടി . സിങ്കപെണ്ണന്നാണ് നാട്ടുകാര്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതു മുതല്‍ കമലയെ വിളിക്കുന്നത്. ഗ്രാമത്തിലെ ധര്‍മ്മ ശാസ്താ ക്ഷേത്രം കേന്ദ്രീകരിച്ചു ഇന്നലെ വരെ നടന്ന പ്രാര്‍ഥനകളും പൂജകളും ഇന്ന് ആഘോഷത്തിനു വഴിമാറി.

വീടുകള്‍ക്കു മുന്നില്‍ ആചാരപരമായ കോലമെഴുത്തിലും കമലയെ കൂട്ടി.   മുത്തച്ഛന്റെ കുടുംബ ക്ഷേത്രമായ  ധര്‍മ്മ ശാസ്താവിനു മുന്നില്‍ തൊഴാന്‍ ഒരിക്കല്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് എത്തുമെന്ന  പ്രതീക്ഷയിലാണ്  ഗ്രാമീണര്‍  ജോലിയിൽ നിന്നു വിരമിച്ച ശേഷം ഗോപാലനും കുടുംബവും താമസിച്ചിരുന്ന ചെന്നൈ  ബസന്റ് നഗറിലെ വരസിദ്ധി വിനായക ക്ഷേത്രത്തിലും പുലര്‍ച്ചെ  പ്രത്യേക പൂജകള്‍ നടന്നു.