‘അവരെന്ത് ഐറ്റമാണ്’; വാക്ക് ചതിച്ചു; കമൽനാഥ് വെട്ടിൽ; ആയുധമാക്കി ബിജെപി

വാശിയേറിയ ഉപതിരഞ്ഞെടുപ്പ് പ്രചാരണച്ചൂടിലാണ് മധ്യപ്രദേശ്. എന്നാൽ വീണുകിട്ടിയ വാക്ക് ആയുധമാക്കി കോൺഗ്രസിനെ കടത്തിവെട്ടുകയാണ് ബിജെപി. മധ്യപ്രദേശ് മുൻമുഖ്യമന്ത്രി കമൽനാഥ് പ്രചാരണത്തിനിടെ നടത്തിയ പരാമർശം അദ്ദേഹത്തിന് തന്നെ വിനയാവുകയാണ്. ബിജെപിയുടെ വനിതാ സ്ഥാനാർഥിയെ ‘ഐറ്റം’ എന്ന് വിളിച്ചതാണ് ഇപ്പോൾ പുലിവാലാകുന്നത്. 

ഗ്വാളിയാർ ദബ്റ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തിനിടെയാണ് കമൽനാഥിന്റെ സ്ത്രീവിരുദ്ധ പരാമർശം.

ബിജെപി സ്ഥാനാർഥിയായ ഇമർതി ദേവിക്കെതിരെ കമൽനാഥ് നടത്തിയ പ്രസ്താവനകളാണ് വിവാദം ഉയർത്തിയിരിക്കുന്നത്. 'ഞങ്ങളുടെ സ്ഥാനാർഥി സൗമ്യ സ്വഭാവം ഉള്ള വ്യക്തിയാണ്. എന്നാൽ അവർ അങ്ങനെയല്ല. എന്തായിരുന്നു അവരുടെ പേര്? എന്തിനാണ് ഞാൻ അവരുടെ പേര് വിളിക്കുന്നത്. എന്നെക്കാൾ നന്നായി നിങ്ങൾക്ക് അവരെ അറിയാം. നിങ്ങൾ എനിക്ക് മുന്നറിയിപ്പ് നല്‍കേണ്ടതായിരുന്നു. അവരെന്ത് ഐറ്റമാണെന്ന്. ' പൊട്ടിച്ചിരിയോടെ കമൽനാഥ് പറഞ്ഞു.

വിഡിയോ വൈറലായതോടെ ബിജെപി ഈ വാക്കുകളെ രാഷ്ട്രീയമായി ഉപയോഗിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഒരു വനിതാ സ്ഥാനാര്‍ഥിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശത്തിനെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷനെയും സമീപിച്ചു.കോണ്‍ഗ്രസ് നേതാവിന്‍റെ ഫ്യൂഡൽ മനസ്ഥിതിയാണ് ഇവിടെ തെളിഞ്ഞെന്ന് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാനും പ്രതികരിച്ചു.