‘എന്റെ രക്തം തിളയ്ക്കുന്നു’; സ്മൃതിയുടെ പഴയ രോഷം പങ്കുവച്ച് ചോദ്യമെറിഞ്ഞ് കോൺഗ്രസ്

യുപി ഹത്രാസ് കൂട്ടബലാൽസംഗക്കേസിൽ രാജ്യമെങ്ങും രോഷം കത്തുകയാണ്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പഴയ പ്രതിഷേധം പങ്കുവച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. സ്ത്രീ വിഷയത്തിൽ കരുത്തോടെ പ്രതികരിക്കുന്ന  സ്മൃതിയുടെ ഇപ്പോഴത്തെ മൗനത്തെയാണ് കോൺഗ്രസ് യുവനേതാക്കൾ വിമർശിക്കുന്നത്. 

നിർഭയ സംഭവത്തിൽ എന്റെ രക്തം തിളയ്ക്കുന്നു എന്ന ആക്രോശിച്ചായിരുന്നു അന്ന് സ്മൃതിയുടെ പ്രതിഷേധം. എന്നാൽ ഇന്ന് യോഗി ആദിത്യനാഥിന്റെ ട്വീറ്റുകൾ തന്റെ പേജിലേക്ക് ഷെയർ ചെയ്താണ് രാജ്യം നടുങ്ങിയ സംഭവത്തിൽ സ്മൃതി പ്രതികരിക്കുന്നത്.

അതേസമയം കനത്ത വിമർശനം ഉയർന്നതോടെ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടു. ഹത്രാസ് കൂട്ടബലാൽസംഗത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മോദി നിർദേശം നൽകിയതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിൽ കുറിച്ചു. 

ഉത്തർപ്രദേശിൽ നാലംഗ സംഘം ക്രൂരമായി പീഡിപ്പിച്ച കൊലപ്പെടുത്തിയ പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാരെ പോലും അറിയിക്കാതെ സംസ്കരിച്ച യുപി സർക്കാർ നടപടിയെ ചോദ്യം ചെയ്ത് പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ജീവിച്ചിരുന്നപ്പോഴോ, ചികിൽസയിൽ കഴിഞ്ഞപ്പോഴോ അവളുടെ മൃതദേഹത്തിനോടോ വീട്ടുകാരോടോ യോഗി സർക്കാർ നീതി കാണിച്ചില്ലെന്ന് പ്രിയങ്ക പറഞ്ഞു. നീതിയില്ലാത്ത യോഗി രാജിവയ്ക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. 

യുവതിയുടെ മൃതദേഹം സംസ്കരിക്കാനുള്ള കുടുംബത്തിന്റെ അവകാശം നിഷേധിക്കപ്പെട്ടെന്ന് രാഹുൽ ഗാന്ധിയും പറഞ്ഞു. ഇന്ത്യയുടെ ഒരു മകളാണ്  ബലാത്സംഗത്തിനിരയായത്. സത്യങ്ങൾ അടിച്ചമർത്തപ്പെട്ടു. യു.പി പോലീസിന്റെ നടപടി അന്യായമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 19 വയസ്സുകാരി ഇന്നലെ പുലർച്ചെ 3 മണിയോടെയാണു മരിച്ചത്. പ്രതികളായ സന്ദീപ്, ലവ്കുശ്, രാമു, രവി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ മൃതദേഹം പൊലീസ് തിരക്കിട്ട് സംസ്കരിച്ചുവെന്നും മൃതദേഹം വീട്ടിലേക്കു കൊണ്ടുപോകാൻ സമ്മതിച്ചില്ലെന്നും പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു.

ഹത്രാസ് ജില്ലയിലുള്ള വീട്ടിൽ നിന്ന് കഴിഞ്ഞ 14ന് അമ്മയോടൊപ്പം സമീപത്തെ വയലിലേക്ക് പോയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. ഗുരുതരമായ പരുക്കുകളോടെയാണു പിന്നീടു കണ്ടെത്തിയത്. എന്റെ അമ്മയും സഹോദരിയും മൂത്ത ജ്യേഷ്ഠനും കൂടി പുല്ലുവെട്ടാനായി പോയതാണ്.സഹോദരൻ ഒരു കെട്ട് പുല്ലുമായി തിരികെ വന്നെങ്കിലും അമ്മയും സഹോദരിയും അവിടെ നിന്നു. അവര്‍ നിന്നതിന് ഇരുവശവും ബാജ്‌റ വിളകള്‍ നിന്നിരുന്നു. അമ്മ ഒന്നു മാറിയപ്പോള്‍ നാല് അഞ്ചു പേര്‍ പുറകില്‍ കൂടി എത്തി അവളുടെ ദുപ്പട്ട കഴുത്തില്‍ ചുറ്റി അവളെ ബാജ്‌റ പാടത്തിനുള്ളിലേക്ക് കൊണ്ടുപോയി.'- പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.

കാലുകൾ പൂർണമായും കൈകൾ ഭാഗികമായും തളർന്ന നിലയിലായിരുന്നു. പെൺകുട്ടിയുടെ നാക്ക് മുറിച്ചെടുത്ത നിലയിലായിരുന്നു. പീഡിപ്പിച്ചവർ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത് ചെറുത്തതിനിടെ പെൺകുട്ടി സ്വയം കടിച്ചതാകാം കാരണമെന്നായിരുന്നു ഹത്രാസ് എസ്പി വിക്രാന്ത് വീറിന്റെ വിശദീകരണം.