പ്രശാന്ത് ഭൂഷണ്‍ 'ഒരു രൂപ' പിഴ അടച്ചു; നിയമപോരാട്ടം തുടരും

കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതി വിധിച്ച ഒരു രൂപ പിഴ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ അടച്ചു. പിഴയടയ്ക്കാന്‍ അനുവദിച്ച സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് സുപ്രീംകോടതി റജിസ്ട്രിയിലെത്തി പിഴ അടച്ചത്. പിഴ നല്‍കിയതിനര്‍ത്ഥം സുപ്രീംകോടതി വിധിച്ച ശിക്ഷ അംഗീകരിച്ചു എന്നല്ലെന്ന് പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു.  വിധിക്കെതിരായ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നാലെ വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. തനിക്കെതിരെ വിധി പുറപ്പെടുവിച്ച റിട്ടര്‍ഡ് ജസ്റ്റിസ് അരുണ്‍ മിശ്ര പക്ഷപാതിത്വത്തോടെയാണ് പെരുമാറിയതെന്ന് പുന:പരിശോധന ഹര്‍ജിയില്‍ പറയുന്നു.