മഹാരാഷ്ട്രയെ അപമാനിക്കാൻ ഗൂഢാലോചന; നേരിടുമെന്ന് ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയിലെ രാഷ്ട്രീയ വിവാദങ്ങളില്‍ ബിജെപിക്ക് പരോക്ഷ മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയെ അപമാനിക്കാന്‍ ഗൂഡാലോചന നടക്കുന്നുവെന്നും, എത്രവലിയ രാഷ്ട്രീയ കൊടുങ്കാറ്റുണ്ടായാലും നേരിടുമെന്നും താക്കറെ വ്യക്തമാക്കി. അതിനിടെ, ഓഫീസ് പൊളിച്ച സംഭവത്തില്‍ നടി കങ്കണ റനൗട്ട്  ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരിയുമായി കൂടിക്കാഴ്‍ച നടത്തി.

കങ്കണ–ശിവസേന തര്‍ക്കം, നടന്‍ സുശാന്ത് സിങ് രാജ്‍പുത്തിന്‍റെ മരണം, വിവിധവിഷയങ്ങളില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ബിജെപി ശ്രമിക്കുന്നതിനിടെ ആദ്യമായാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മൗനം വെടിയുന്നത്. എന്നാല്‍ വിവാദവിഷയങ്ങളെ നേരിട്ട് പരാമര്‍ശിക്കാതെയാണ് ശിവസേന തലവന്‍റെ പ്രതികരണം.  കോവിഡിനെ നേരിടുന്നതിനാണ് പ്രഥമപരിഗണന, രാഷ്ട്രീയ പ്രതിസന്ധികളെയും അതേരീതിയില്‍ നേരിടുമെന്ന് ഉദ്ധവ്.

വിവാദങ്ങള്‍ പുകയുന്നതിനിടെയാണ് നടി കങ്കണ റനൗട്ട് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരിയെ കണ്ടത്. ഓഫീസ് പൊളിച്ച നടപടിയില്‍ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും തനിക്ക് രാഷ്ട്രീയമില്ലെന്നും കങ്കണ.

നടിയുടെ ഓഫീസ് പൊളിച്ച നടപടിയില്‍ ഗവര്‍ണര്‍ക്ക് അതൃപ്തിയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, കങ്കണയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇനിമുതല്‍ പരസ്യമറുപടികള്‍ വേണ്ടെന്നാണ് ശിവസേനയുടെ തീരുമാനം.