സമാന്തര വിചാരണ വേണ്ട; റിപ്പബ്ലിക് ടിവിയോട് ഡല്‍ഹി ഹൈക്കോടതി

സുപ്രധാന കേസുകളില്‍ മാധ്യമങ്ങളുടെ അതിരവിട്ട റിപ്പോര്‍ട്ടിങ്ങിനെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. മാധ്യമങ്ങള്‍ സമാന്തര വിചാരണ നടത്തരുതെന്ന് ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് മുക്ത ഗുപ്ത പറഞ്ഞു. സുനന്ദ പുഷ്കറിന്‍റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി അപകീര്‍ത്തികരമായ റിപ്പോര്‍ട്ടകുള്‍ പ്രസിദ്ധീകരിക്കുന്നുവെന്നാരോപിച്ച് ശശി തരൂര്‍ എം.പി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. 

മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാന്‍ പാടില്ല.  എങ്കിലും ഒരു കേസ് കോടതിയുടെ പരിഗണനയില്‍ തുടരുമ്പോള്‍ മധ്യമങ്ങള്‍ സമാന്തര വിചാരണ നടത്തുന്നതില്‍ നിന്ന് വിട്ട് നില്‍ക്കണം. ആരോപണം നേരിടുന്നവരെ കുറ്റവാളികളായി ചിത്രീകരിക്കാനോ അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങള്‍ നടത്താനോ പാടില്ലെന്നും കോടതി പറഞ്ഞു. കേസന്വേഷണത്തിന്‍റെയും തെളിവുകളുടെയും പവിത്രതയെ മാധ്യമങ്ങള്‍ ബഹുമാനിക്കണം. ഉത്തരവാദിത്വമുള്ള മാധ്യമപ്രവര്‍ത്തനമാണ് ഈ കാലത്തിന്‍റെ ആവശ്യമെന്നും കോടതി നിരീക്ഷിച്ചു. 

സുനന്ദ പുഷ്കര്‍ കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് അര്‍ണബ് ഗോസ്വാമിയെയും റിപ്പബ്ലിക് ടി.വിയെയും വിലക്കണമെന്നാവശ്യപ്പെട്ടാണ് ശശി തരൂര്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. വിലക്കിയില്ലെങ്കിലും കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മിതത്വം പാലിക്കണമെന്നും വാചകക്കസര്‍ത്ത് കുറക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇവ പാലിക്കാമെന്ന ഉറപ്പ് റിപ്പബ്ലിക് ടി.വി ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ശശി തരൂര്‍ വീണ്ടും ഹൈക്കോടതിക്ക് മുന്‍പാകെ എത്തിയത്. 

നല്‍കിയ ഉറപ്പ് പാലിക്കാന്‍ റിപ്പബ്ലിക് ടി.വിക്ക് ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി. വിഷയത്തില്‍ റിപ്പബ്ലിക് ടി.വിക്കും അര്‍ണബ് ഗോസ്വാമിക്കും കോടതി നോട്ടീസയച്ചു. 

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ നടി റിയ ചക്രവര്‍ത്തിക്കെതിരായ മാധ്യമ വിചാരണ രാജ്യത്ത് വലിയ ചര്‍ച്ചയാകുന്ന സമയത്താണ് മാധ്യമങ്ങള്‍ക്ക് ഡല്‍ഹിയുടെ ഹൈക്കോടതിയുടെ വിമര്‍ശനം. റിയ ചക്രവര്‍ത്തിക്കെതിരായ 'മാധ്യമ വിചാരണ'യുടെ മുന്‍പന്തിയിലും ഉള്ളത് റിപ്പബ്ലിക്ക് ടി.വിയുടെ അര്‍ണബ് ഗോസ്വാമിയും തന്നെയാണ്. കേസിലെ മധ്യമ റിപ്പോര്‍ട്ടിങിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി മുംബൈ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.