ഗർഭിണിയായ ഭാര്യ; സഹ പൈലറ്റിന്റേത് കണ്ണീര്‍ ലാൻഡിങ്ങ്; വിട ക്യാപ്റ്റന്‍

മൂന്ന് മാസങ്ങൾക്കു മുൻപ് നിറഞ്ഞ ആരവങ്ങള്‍ക്ക് നടുവിലേക്ക് ക്യാപ്റ്റൻ അഖിലേഷ് കുമാർ പറന്നിറങ്ങിയിരുന്നു അതേ കരിപ്പൂർ വിമാനത്താവളത്തിൽ, അതേ റൺവേയിൽ. വന്ദേ ഭാരത് മിഷന്റെ ഭാഗമായി, കരിപ്പൂരിൽ പ്രവാസികളുമായുള്ള ആദ്യവിമാനം ലാൻഡ് ചെയ്തപ്പോൾ അഖിലേഷ് കുമാർ ആയിരുന്നു ക്യാപ്റ്റൻ. നിറകയ്യടികളോടെയാണ് അന്ന് എയർപോർട്ടിൽ അദ്ദേഹത്തിന് സ്വീകരണം ലഭിച്ചത്. 

അതേ വിമാനത്താവളത്തിൽ, അതേ ദൗത്യത്തിന്റെ ഭാഗമായി, മറ്റൊരു വിമാനത്തിന്റെ സഹപൈലറ്റായി എത്തുമ്പോള്‍ കാത്തിരുന്നത് മഹാദുരന്തം. ക്യാപ്റ്റൻ അഖിലേഷ് കുമാറിന്റെ അവസാന ലാൻഡിങ്ങ് കൂടിയായി അത്. അപകടത്തിൽ മരിച്ച പതിനെട്ട് പേരിലൊരാൾ വിമാനത്തിന്റെ സഹപൈലറ്റായിരുന്ന ക്യാപ്റ്റൻ അഖിലേഷ് കുമാറാണ്. 

ഉത്തർപ്രദേശിലെ മഥുര സ്വദേശിയാണ് 32 കാരനായ അഖിലേഷ് കുമാർ. ഗർഭിണിയായ ഭാര്യ മേഘയെയും പിറക്കാനിരിക്കുന്ന കുഞ്ഞിനെയും കണ്ണീരിലാഴ്ത്തിയാണ് അഖിലേഷ് യാത്രയായത്.  2017 ലായിരുന്നു അഖിലേഷിന്റെ വിവാഹം.

കഠിനാധ്വാനിയും സ്ഥിരോൽസാഹിയുമായ, സാങ്കേതിക കാര്യങ്ങളിൽ നല്ല പരിജ്ഞാനമുണ്ടായിരുന്ന പൈലറ്റ് ആയിരുന്നു അഖേലേഷ് എന്ന് സഹപ്രവർത്തകർ ഓർക്കുന്നു.