വീരമൃത്യു വരിച്ച കേണൽ; ഭാര്യയെ ഡെപ്യൂട്ടി കലക്ടറാക്കി തെലങ്കാന

രാജ്യത്തിനായി വീരമൃത്യു വരിച്ച കേണൽ സന്തോഷ് ബാബുവിന്റെ ഭാര്യയെ ഡെപ്യൂട്ടി കലക്ടറായി നിയമിച്ച് തെലങ്കാന സർക്കാർ. മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു നേരിട്ട് നിയമന ഉത്തരവ് സന്തോഷിക്ക് കൈമാറി. സർക്കാരിന്റെ ഈ നടപടി രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്. കേണലിന്റെ കുടുംബത്തിനൊപ്പം എക്കാലത്തും സർക്കാർ ഉണ്ടാകുമെന്ന് ചന്ദ്രശേഖർ റാവു വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭാര്യയെ ഡെപ്യൂട്ടി കലക്ടർ സ്ഥാനത്തേക്ക് നിയമിച്ചത്. 

കഴിഞ്ഞ മാസം കുടുംബത്തിന് അ‍ഞ്ചുകോടി രൂപ തെലങ്കാന സർക്കാർ കൈമാറിയിരുന്നു. നാലുകോടിയുടെ ചെക്ക് സന്തോഷ് ബാബുവിന്റെ ഭാര്യ സന്തോഷിയുടെ കയ്യിലും ഒരു കോടിയുടെ ചെക്ക് സന്തോഷിന്റെ മാതാപിതാക്കളുടെ കയ്യിലും നൽകിയത്. ഇതിനാെപ്പം ഹൈദരാബാദിൽ 711 ചതുരശ്ര അടി സ്ഥലവും കുടുംബത്തിന് സർക്കാർ പതിച്ചു നൽകിയിരുന്നു. 

ചൈനീസ് അക്രമണത്തിൽ ജീവൻ നഷ്ടമായ മറ്റ് സൈനികർക്ക് 10 ലക്ഷം രൂപ വീതം നൽകുമെന്ന് തെലങ്കാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. കുടുംബത്തിലും ജന്മനാട്ടിലും പ്രചോദനമായിരുന്നു 16 ബിഹാർ റെജിമെന്റിലെ കമാൻഡിങ് ഓഫിസറായ സന്തോഷ്. കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ നടന്ന സംഘർഷത്തിൽ 20 ഇന്ത്യ സൈനികരാണ് വീരമൃത്യു വരിച്ചത്.