മരണം പടിക്കു പുറത്ത്; കോവിഡിൽ പതറാതെ ഈ 4 സംസ്ഥാനങ്ങൾ

രാജ്യം കോവിഡ് മഹാമാരിയുടെ പിടിയിലായതിന്റെ ആശങ്കപ്പെടുത്തുന്ന വാർത്തകൾക്കിടെ സന്തോഷത്തോടെ അഭിമാനപൂർവം നാലു സംസ്ഥാനങ്ങൾ. മണിപ്പുർ, മിസോറം, നാഗാലാൻഡ്, സിക്കിം എന്നീ നാല് സംസ്ഥാനങ്ങളാണ് ഇതുവരെ ഒറ്റ കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്യാതെ പ്രതിരോധക്കോട്ട തീർത്തത്. 

വടക്കുകിഴക്കൻ മേഖലയിലെ കേസുകളുടെ എണ്ണം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ചു കുറവാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കൊറോണ വൈറസിനെ നേരിടാൻ പരിശോധനാ സൗകര്യങ്ങളും കോവിഡ് ആശുപത്രികളും തുടക്കത്തിൽ ഇല്ലായിരുന്നു. എന്നാൽ രോഗവ്യാപനം ഏറിയതോടെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തി.

വടക്കുകിഴക്കൻ മേഖലയിലെ ആകെ കോവിഡ് മരണം 12 ആണ്. ഇവിടങ്ങളിൽ 3731 സജീവ കേസുകളേയുള്ളൂ. ഇതിനേക്കാൾ കൂടുതലാണ് രോഗമുക്തി നേടിയവർ. 5715 പേർക്കാണു രോഗമുക്തിയുണ്ടായത്. മണിപ്പുരിൽ നിലവിൽ 702 സജീവ കേസുകളുണ്ട്. നാഗാലാൻഡിൽ 195, മിസോറം 115, സിക്കിം 46 എന്നിങ്ങനെയാണ് ആക്ടീവ് കേസുകൾ.