ബാബാ രാംദേവിന്‍റെ കോവിഡ് മരുന്ന് വിലക്കി രാജസ്ഥാനും മഹാരാഷ്ട്രയും

ബാബാ രാംദേവിന്റെ കമ്പനിയായ പതഞ്ജലിയുടെ കോവിഡ് മരുന്നിന് വിലക്കേർപ്പെടുത്തി രാജസ്ഥാൻ, മഹാരാഷ്ട്ര സർക്കാരുകൾ. പതഞ്ജലി പുറത്തിറക്കിയ കൊറോനില്‍ എന്ന മരുന്നിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് മരുന്നെന്ന നിലയില്‍ വ്യാജമരുന്നുകള്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു. പതഞ്ജലിയുടെ മരുന്ന് വിവാദം പടരുന്നതിനിടെയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ശാസ്ത്രീയ പരിശോധനകൾ കഴിഞ്ഞ് കേന്ദ്ര ആയുഷ് മന്ത്രാലയം അനുമതി നൽകിയാൽ അനുവദിക്കുകയുള്ളുവെന്ന് മന്ത്രി പറഞ്ഞു.

രാജസ്ഥാൻ ആരോഗ്യമന്ത്രി രഘു ശർമയും കൊറോനിൽ വിൽക്കുന്നതിന് വിലക്കേർപ്പെടുത്തി രംഗത്തെത്തി. സംസ്ഥാനത്ത് എവിടെയെങ്കിലും ഈ മരുന്ന് വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ബാബാ രാംദേവിനെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ര്‍ക്കാരിന്റെ അനുമതിയില്ലാതെ മരുന്നുപരീക്ഷണം നടത്തിയത് നിയമലംഘനമാണ് എന്ന് ചൂണ്ടിക്കാണിച്ച് ബാബാ രാംദേവിനെതിരെ കേസ് കൊടുക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കോവിഡിന് ഫലപ്രദമെന്ന് അവകാശപ്പെട്ട് പതഞ്ജലി വികസിപ്പിച്ചെടുത്ത കൊറോണില്‍ മരുന്ന് രോഗബാധിതരില്‍ പരീക്ഷിച്ചിരുന്നു. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് രാജസ്ഥാന്‍ സര്‍ക്കാരിന്റെ നീക്കം.ഇത് മരുന്ന് പരീക്ഷണമല്ല, തട്ടിപ്പാണെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ ആരോപിച്ചു. 

പതഞ്ജലി മരുന്ന് കണ്ടുപിടിച്ചെന്ന അവകാശവാദത്തെപ്പറ്റി കേന്ദ്ര ആയുഷ് മന്ത്രാലയം വിശദീകരണം തേടിയിരുന്നു. പതഞ്ജലി കണ്ടുപിടിച്ചെന്നു പറയുന്ന ആയുര്‍വേദ മരുന്നിന്റെ ശാസ്ത്രീയ വസ്തുതകള്‍ എന്താണെന്ന് അറിയില്ല. അതിനാല്‍ മരുന്നിന്റെ ഗവേഷണം, പരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കമ്പനിയോട് തേടിയതായി മന്ത്രാലയം അറിയിച്ചിരുന്നു.