മഹാരാഷ്ട്രയിൽ കോവിഡ് മരണം കുതിച്ചുയരുന്നു; ശിവസേനാ ആസ്ഥാനം പൂട്ടി

മഹാരാഷ്ട്രയിലെ കോവിഡ് മരണസംഖ്യ കുതിച്ചുയരുന്നു. കഴിഞ്ഞദിവസങ്ങളില്‍ സ്ഥിരീകരിക്കാനാകാതിരുന്ന 173 മരണം കൂടി രേഖപ്പെടുത്തിയതോടെ സംസ്ഥാനത്തെ മരണസംഖ്യ 6531 ആയി. പാര്‍ട്ടി പ്രവര്‍ത്തകന് രോഗം സ്ഥിരീകരിച്ചതോടെ മുംബൈയിലെ ശിവസേന ആസ്ഥാനം പൂട്ടി.

സംസ്ഥാനത്ത് ഇന്നലെ 3214 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ ഒരുമാസത്തിലേറെയായി പ്രതിദിനം മൂവായിരത്തിലധികം പേര്‍ക്ക് രോഗബാധ കണ്ടെത്തുന്നുണ്ട്. ആകെ കേസുകള്‍ 1,39,019 ആയി. മുംബൈയില്‍ ഒരിടവേളയ്ക്ക് ശേഷം ആയിരത്തില്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‍തു. ഇന്നലെ കോവി‍ഡ് കണ്ടെത്തിയത് 824 പേര്‍ക്ക് മാത്രമാണ്. മുംബൈയില്‍ ആകെ കേസുകള്‍ 68,410ും മരണം 3844ും ആയി. നേരത്തെയുള്ള മരണസംഖ്യ കൂടി ഉള്‍പ്പടുത്തിയതോടെ 248 മരണമാണ് മഹാരാഷ്ട്രയില്‍ ഇന്നലെ രേഖപ്പെടുത്തിയത്. എന്നാല്‍, ധാരാവി ഏറെ പ്രതീക്ഷ നല്‍കുന്നു. 

ഇന്നലെ അഞ്ച് പേര്‍‌ക്ക് മാത്രമാണ് രോഗം കണ്ടെത്തിയത്. സ്ഥിരസന്ദര്‍ശകനായ പാര്‍ട്ടി പ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ദാദറിലെ ശിവസേന ഭവന്‍ അടച്ചത്. ജീവനക്കാരോടെല്ലാം വീടുകളില്‍ തുടരാന്‍ നിര്‍ദേശം നല്‍കി. കെട്ടിടത്തില്‍ അണുനശീകരണം നടത്തും. അതേസമയം, കോവിഡ് പോസിറ്റീവായ ശേഷം മുങ്ങിയ 70 രോഗികളെ കണ്ടെത്താന്‍ ബിഎംസി മുംബൈ പൊലീസിന്‍റെ സഹായം തേടി.