കോവിഡിൽ തോറ്റതിന് ഇന്ത്യയോട്; ചൈനയുടെ യഥാർത്ഥ ലക്ഷ്യമെന്ത്?

അതിർത്തി മാത്രമല്ല ചൈനയുടെ പ്രശ്നമെന്നാണ് പുതിയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിദഗ്ധർ വിലയിരുത്തുന്നത്. കോവിഡ്–19 മൂലമുണ്ടായ സാമ്പത്തിക മാന്ദ്യവും വുഹാനിൽ പൊട്ടിപ്പുറപ്പെട്ട വൈറസ് ചൈന മറച്ചുവച്ചെന്ന ആരോപണം ഒളിഞ്ഞും തെളിഞ്ഞും പല രാജ്യങ്ങളും ഉന്നയിക്കുന്നതും ചൈനയെ ബാധിച്ചിട്ടുണ്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സിസിപി) അധികാരത്തിലേറിയ 1949 മുതൽ ഇന്നുവരെ നേരിട്ടതിൽ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. 

രാജ്യത്തിന്റെ ദേശീയത അപകടത്തിലാണെന്ന വികാരം ഉയര്‍ത്തിവിട്ട് നിലവിലുള്ള പ്രശ്‌നങ്ങള്‍ വഴിതിരിച്ചുവിടാനുള്ള ചൈനീസ് ഭരണകൂടത്തിന്റെ തന്ത്രമാണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രകടമാകുന്നതെന്നാണു വിലയിരുത്തല്‍. കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുടെ ആവശ്യത്തെ ഇന്ത്യ പിന്തുണച്ചതും ചൈനയെ ചൊടിപ്പിച്ചിരുന്നു.

രാഷ്ട്രീയപരമായി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ അപ്രമാദിത്തത്തിന് പ്രശ്നങ്ങളില്ല. എന്നാൽ പാർട്ടിക്കും അതിനെ നയിക്കുന്ന ചിൻപിങ്ങിനും മേയ് 22ന് നടന്ന നാഷനൽ പീപ്പിൾസ് കോൺഗ്രസ് (എൻപിസി), അതിനൊപ്പം ചേർന്ന ചൈനീസ് പീപ്പിൾസ് കൺസുലേറ്റീവ് കോൺഫറൻസ് എന്നിവയിൽ വിമർശനം നേരിട്ടെന്നാണു സൂചന. മഹാമാരിയെ കൈകാര്യം ചെയ്തതിലെ പോരായ്മയും സാമ്പത്തിക പ്രതിസന്ധിയും ചർച്ച ചെയ്യാനാണു യോഗം ചേർന്നത്. ഇരുമ്പ് കൈ ഉപയോഗിച്ച് രാജ്യത്തുയർന്ന പ്രതിഷേധങ്ങൾ മറികടക്കാൻ ചിൻപിങ്ങിനാകും, എന്നാൽ ബെയ്ജിങ്ങിനെ അലട്ടുന്നത് സാമ്പത്തിക പ്രതിസന്ധിയാണ്. കൂടാതെ, വിദേശരാജ്യങ്ങൾക്കിടയിൽ ചൈനയോടുള്ള എതിർപ്പ് കൂടിവരുന്നുമുണ്ട്.

അടുത്ത പഞ്ചവൽസര പദ്ധതിയെക്കുറിച്ചു ചർച്ച ചെയ്യാനാണ് എൻപിസി കൂടിയതെങ്കിലും മഹമാരിയെക്കുറിച്ച് ആഭ്യന്തരമായും രാജ്യാന്തരപരമായും ഉയർന്ന വിഷയങ്ങൾക്കു മറുപടി പറയാൻ ചിൻപിങ്ങിന് ഒരു വേദി കൂടിയാണ് ലഭിച്ചത്. ഇത് സ്വന്തം പൗരന്മാർക്ക് ശക്തമായ സന്ദേശം നൽകാനും രാജ്യാന്തര സമൂഹത്തിനു പരസ്യമായ വെല്ലുവിളി സന്ദേശം നൽകാനും ഉദ്ദേശിച്ചിരുന്നുവെന്നാണു വ്യക്തമാകുന്നത്. മറ്റു രാജ്യങ്ങളോടു ചൈനീസ് ജനതയ്ക്കുള്ള ഭീതി മുതലെടുക്കാനുള്ള ചിൻപിങ്ങിന്റെ നീക്കമായും ഇതു വിലയിരുത്തപ്പെടുന്നുണ്ട്.

ഈ സാഹചര്യത്തിൽ വേണം ഇന്ത്യ – ചൈന അതിർത്തി സംഘർഷത്തെ കാണാൻ. 3,488 കിലോമീറ്റർ നീളമുള്ള യഥാർഥ നിയന്ത്രണ രേഖയിൽ പല സ്ഥലങ്ങളിലാണു ചൈന പ്രശ്നങ്ങളുണ്ടാക്കുന്നത്. കിഴക്കൻ ലഡാക്ക് മുതൽ സിക്കിം വരെ ഇത്തരത്തിൽ അവരുടെ കൈ നീളുന്നു. ആഭ്യന്തര സാമ്പത്തിക പ്രതിസന്ധിയിൽനിന്നും ഹോങ്കോങ്, തയ്‌വാൻ വിഷയങ്ങളിൽനിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയും ഇന്ത്യയെ വില്ലനായി ചിത്രീകരിക്കുകയുമാണ് ചിൻപിങ്ങിന്റെ ലക്ഷ്യം. പാക്കിസ്ഥാൻ, നേപ്പാൾ എന്നിവരുമായി ഇന്ത്യ നിരന്തരം പ്രശ്നങ്ങളിലേർപ്പെടുകയാണെന്നാണു ചിൻപിങ് വരുത്തിത്തീർക്കുന്നത്.

വുഹാനിൽ ഉദ്ഭവിച്ച കൊറോണ വൈറസ് കാര്യക്ഷമമായി കൈകാര്യം ചെയ്തില്ലെന്ന വിമർശനം ചൈനയ്ക്കുനേരെ ഉയരുമ്പോൾ നിശബ്ദമായി ഇന്ത്യ അത് ഉപയോഗപ്പെടുത്തുകയാണെന്നും ചൈന വിശ്വസിക്കുന്നു. ചൈനയിൽനിന്നുള്ള ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നും കമ്പനികളെ അവിടുന്നു പിൻവലിക്കണമെന്നുമുള്ള തരത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. ചൈനയ്ക്കു പകരം ഇന്ത്യയിൽ നിക്ഷേപം നടത്തണം, ഫാക്ടറികൾ സ്ഥാപിക്കണം എന്നിങ്ങനെയുള്ള വാദങ്ങളും ഉയരുന്നു. ഈ സമയം യഥാർഥ നിയന്ത്രണ രേഖയിൽ തന്ത്രപ്രധാനമായ ഇടപെടലുകള്‍ നടത്തിയാൽ ഒരേസമയം ദേശീയത വളർത്തി സ്വന്തം ജനങ്ങളെ ഒരുമിപ്പിക്കാനും വിദേശ ശക്തികളെയും അവരെ പിന്താങ്ങുന്നവരെയും ഒരു പാഠം പഠിപ്പിക്കാനുമാണു ചൈന ലക്ഷ്യമിടുന്നത്. ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസിനെ ഉപയോഗിച്ച് ഇന്ത്യയാണു സിക്കിമ്മിലും ലഡാക്കിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്ന തരത്തിൽ വാർത്ത സ്വന്തം പൗരന്മാർക്കിടയിൽ പ്രചരിപ്പിക്കുകയാണു ചൈന.

ലഡാക്കിലെ ഭൂമിവിന്യാസത്തെ കാണിക്കാൻ 1960ൽ അന്നത്തെ പ്രധാനമന്ത്രി ചൗ എൻ ലായ് പുറത്തിറക്കിയ ഭൂപടമാണ് പിഎൽഎ ഉപയോഗിക്കുന്നതെങ്കിലും നിലവിലെ സ്ഥിതിഗതികൾ അതിൽനിന്നു വ്യത്യസ്തമാണ് 1962ലെ ഏറ്റുമുട്ടലും കാർഗിൽ സെക്ടറിൽ 1999ലെ കടന്നുകയറ്റവും ഇതിൽ ഉൾപ്പെട്ടിട്ടില്ല. ആഭ്യന്തര പ്രശ്നങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ചിൻപിങ് ഇപ്പോഴിത് ഉപയോഗിക്കുന്നത്. ചൈനയിലെ വൻ ക്ഷാമത്തിൽനിന്നു ജനശ്രദ്ധ തിരിക്കാൻ 1962-ലെ ഇന്ത്യയുമായുള്ള ഏറ്റുമുട്ടൽ അന്നത്തെ ചൈനീസ് നേതാവ് മാവോ സെ ദുങ് ഉപയോഗിച്ചതുപോലെയും 1979ലെ വിയറ്റ്നാം യുദ്ധം ഉപയോഗിച്ചു രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യപ്പെടാതിരിക്കാൻ അന്നത്തെ നേതാവ് ഡെങ് സിയാവോപിങ് ശ്രമിച്ചതുപോലെയുമാണിത്.

ബെയ്ജിങ്ങിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളിൽ ലഡാക്കും ഉൾപ്പെടുന്നുണ്ട്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ഇന്ത്യ ഇതിൽ വലിയരീതിയിൽ വിഷമിക്കുന്നില്ല. യുഎസിനും ആസിയാനും ശേഷം ചൈനയ്ക്കു വെല്ലുവിളിയാകുന്ന തരത്തിൽ വലിയൊരു വിപണിയായി ഇന്ത്യ മാറാനുള്ള സാധ്യത ബെയ്ജിങ് കാണുന്നുണ്ട്. സൈനികപരമായി ഒരു യുദ്ധത്തിലേക്കു പ്രശ്നങ്ങൾ വഴിതിരി‍ഞ്ഞുപോകാൻ ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നില്ല. സാമ്പത്തികപരമായും രാഷ്ട്രീയപരമായും ഇതു തിരിച്ചടിക്കും. പാക്കിസ്ഥാനും നേപ്പാളും ചൈനയ്ക്ക് വെറും ഉപകരണങ്ങളാകുന്നുവെന്നേയുള്ളൂ. യഥാര്‍ഥത്തിൽ ഇന്ത്യയുമായി കൊമ്പുകോർക്കാൻ ഇവർക്കാകില്ലെന്ന് ചൈനയ്ക്കും വ്യക്തമായിട്ടുണ്ട്. 2017ൽ ഭൂട്ടാനെ ഇളക്കാൻ നോക്കിയ ദോക്‌ലാം വിഷയവും കാര്യമായി ചൈനയ്ക്ക് അനുകൂലമായി മാറിയില്ല.

ദീർഘകാലമായി യഥാർഥ നിയന്ത്രണരേഖയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ച് ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ചൈന ശ്രമിക്കുന്നുണ്ട്. ഇതിൽ വീഴുന്നത് ഇന്ത്യ ദുർബലമാണെന്നു കാണിക്കും, എന്നാൽ ഡൽഹി ഇതുവരെ ഈ കെണിയിൽ വീണിട്ടില്ല. ആ വിഷയങ്ങൾ സൈനികപരമോ നയതന്ത്രപരമോ ആയി മാത്രമാണ് ഇന്ത്യ കണക്കാക്കിയിട്ടുള്ളത്. ഇതുകൂടാതെ, ദലൈ ലാമയെ ഇന്ത്യ സ്വീകരിച്ചതും ചൈനയുടെ ഉള്ളിൽ ഇന്ത്യയോടുള്ള വിദ്വേഷം വർധിപ്പിച്ചിട്ടുണ്ട്.