ഉംപുന്‍ ബംഗാളില്‍ 72 ജീവനെടുത്തു; കോവിഡിനേക്കാള്‍ ഭീകരമെന്ന് മമതാ ബാനർജി

ഉംപുന്‍ ചുഴലിക്കാറ്റില്‍ ബംഗാളില്‍ മാത്രം 72 പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. കോവിഡിനേക്കാള്‍ ഭീകരമായിരുന്നു ഉംപുനെന്നു മുഖ്യമന്ത്രി പറഞ്ഞു. ബംഗാള്‍ സന്ദര്‍ശിച്ച് സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങൾ പ്രധാനമന്ത്രി നേരിൽക്കണ്ട് വിലയിരുത്തണമെന്നും മമതാ ബാനര്‍ജി ആവശ്യപ്പെട്ടു. 

കൊൽക്കത്തയുടെ വടക്ക് - വടക്ക് കിഴക്ക് ദിശയിൽ നീങ്ങി ബംഗ്ലദേശിലേക്ക് വീശാൻ തുടങ്ങിയ ഉംപുൻ തീവ്ര ന്യൂനമർദമായി മാറി. ബംഗാളിലും ഒഡീഷയിലും ബംഗ്ലദേശിലുമായി ഇരുപതിലധികം പേർ മരിച്ചു. നാളെ വൈകീട്ടോടെ ഉംപുന്റെ സ്വാധീനം പൂർണമായും ഇല്ലാതാകും. 

ഇന്നലെ രാത്രി ഒഡീഷയുടെ വടക്കൻ മേഖലയിലും ബംഗാളിന്റെ തെക്കും ഉംപുൻ താണ്ഡവമാടി. ബംഗാളിൽ ചുരുങ്ങിയത് 12 പേരെങ്കിലും മരിച്ചതായി മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. കോവിഡിനേക്കാൾ ചുഴലിക്കാറ്റ് ദുരിതമുണ്ടാക്കിയതായി മമത ബാനർജി പറഞ്ഞു. ഒഡീഷയിൽ മൂന്നുപേരും ബംഗ്ലദേശിൽ 7 പേരും മരിച്ചു. കനത്തമഴയിലും കാറ്റിലും കെട്ടിടങ്ങൾ വ്യാപകമായി നശിച്ചു. ആറായിരത്തിലധികം വീടുകൾ നിലംപൊത്തി. വാർത്താ വിനിമയ സംവിധാനങ്ങളും വൈദ്യുതി ബന്ധവും തകരാറിലായി. കൊൽക്കത്ത വിമാനത്താവളം വെള്ളത്തിലായി. റൺവേയും വിമാനങ്ങൾ സൂക്ഷിക്കുന്ന ഷെഡ്‌ഡും വെള്ളത്തിൽ മുങ്ങി. 

ബംഗാളിലും ഒഡീഷയിലുമായി ഏഴുലക്ഷത്തോളം പേരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റിപ്പാർപ്പിച്ചത്. ബംഗ്ലദേശിൽ 24 ലക്ഷം പേരെ ഒഴിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മുപ്പതിനാണ് ഉംപുൻ കരതൊട്ടത്.