'കോവിഡിന് കാരണം നമസ്തേ ട്രംപ്'; ബിജെപിക്ക് തലവേദനയായി ഗുജറാത്തിലെ രോഗവ്യാപനം

കോവിഡ് രോഗത്തിന്റെ വ്യാപനത്തിലും മരണനിരക്കിലും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. പ്രധാനമന്ത്രിയുടെ സംസ്ഥാനത്ത് ദിനംപ്രതി രോഗം വര്‍ധിക്കുന്നത് കടുത്ത ആശങ്കയാണു കേന്ദ്രസര്‍ക്കാരിനും ബിജെപി നേതൃത്വത്തിനും കടുത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്. ഗുജറാത്തില്‍ കോവിഡ് രോഗം നിയന്ത്രിക്കാന്‍ കഴിയാതെ വന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്കയില്‍ കേന്ദ്രസര്‍ക്കാര്‍ അതിശക്തമായ ഇടപെടലാണ് സംസ്ഥാനത്തു നടത്തുന്നത്.

അതിനിടെയിലാണ് ഫെബ്രുവരി 24ന് മോട്ടേരാ സ്റ്റേഡിയത്തിൽ നടത്തിയ 'നമസ്തേ ട്രംപ് ' പരിപാടിയാണ ഗുജറാത്തിലാകെ കോവിഡ് പടർന്ന് പിടിക്കാൻ കാരണമായെന്ന ആരോപണവുമായി ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റി രംഗത്തെതിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോഡിയും പങ്കെടുത്ത പരിപാടിയില്‍ അനേകം വിദേശികള്‍ പങ്കെടുത്തിരുന്നു. ഇക്കാര്യത്തില്‍ പ്രത്യേക  സംഘത്തെ ഉപയോഗിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത കോണ്‍ഗ്രസ് പ്രസിഡന്റ് അമിത് ചാവ്ഡ ഹൈക്കോടതിയെ സമീപിച്ചു.

അതേസമയം ആരോപണം ഗുജറാത്ത് ബിജെപി രംഗത്തെതി. അടിസ്ഥാന രഹിതം എന്നാണ് ഇവര്‍ പറയുന്നത്. ലോകാരോഗ്യ സംഘടന കോവിഡിനെ മഹാമാരിയായി പ്രഖ്യാപിക്കുന്നതിന് മുമ്പാണ് പരിപാടി നടന്നതെന്നും പരിപാടി കഴിഞ്ഞ് ഒരു മാസം കൂടി പിന്നിട്ട ശേഷമാണ് രോഗം ഗുജറാത്തില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തതെന്നും ബിജെപി ഗുജറാത്ത് ഘടകം പറയുന്നു. 

ഒരുലക്ഷം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഫെബ്രുവരി 24 ന് നടന്ന പരിപാടിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. എന്നാല്‍ മാര്‍ച്ച് 20 ന് രാജ്‌കോട്ടിലെ ഒരു യുവാവിനും സൂററ്റിലെ ഒരു യുവതിക്കുമാണ് ഗുജറാത്തില്‍ കോവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ലോകാരോഗ്യ സംഘടന ജനുവരിയില്‍ തന്നെ കോവിഡ് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുമെന്നും ആള്‍ക്കാര്‍ കൂട്ടം ചേരുന്ന പരിപാടികള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും പറയുന്നു.

അതിനിടെ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നടപടികള്‍ക്കെതിരെ പാര്‍ട്ടിക്കുളളിലും പുറത്തും കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. നമസ്‌തേ ട്രംപ് പരിപാടി സംഘടിപ്പിക്കാനും കോണ്‍ഗ്രസ് പാര്‍ട്ടിക്കു രാജ്യസഭാ സീറ്റ് ലഭിക്കാതിരിക്കാനുള്ള പദ്ധതികള്‍ക്കുമായി സര്‍ക്കാര്‍ സമയം പാഴാക്കിയെന്നാണു വിമര്‍ശനം. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഈ പ്രതിസന്ധിയോടു പ്രതികരിക്കുന്നതു പോലെ രൂപാണി പ്രവര്‍ത്തിക്കുന്നില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. 

ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശപ്രകാരം, മുഖ്യമന്ത്രി വിജയ് രൂപാണിയുടെ അടുപ്പക്കാരായ ഉദ്യോഗസ്ഥരെ മാറ്റി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല ഏല്‍പ്പിച്ചു. കോവിഡ് പ്രതിരോധത്തില്‍ വീഴ്ച വരുത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍ ബംഗാളിനെ കുറ്റപ്പെടുത്തുന്നതിനിടെയാണ് ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്നത്