രാജ്യത്തിനായി മാസ്ക് തുന്നി പ്രഥമ വനിത; രാഷ്ട്രപതി ഭവനും പ്രതിരോധം തുന്നുമ്പോൾ..

savita-kovind-pic
SHARE

കോവിഡിനെതിരായ പോരാട്ടത്തിൽ രാഷ്ട്രപതി ഭവന്റെ പങ്കാളിത്തം പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്. രാജ്യത്തിന്റെ പ്രഥമ വനിത സവിത കോവിന്ദ് കോവിഡ് പ്രതിരോധപ്രവർത്തനത്തിൽ പങ്കാളിയായിരിക്കുന്നത് ഒരു വലിയ ദൗത്യവുമായാണ്. മേൽനോട്ടമല്ല, മറിച്ച് സ്വന്തം കൈകൾ കൊണ്ടുള്ള പ്രവർത്തനത്തിലാണ് പ്രഥമവനിത. രാഷ്ട്രപതി ഭവനിൽ മാസ്കുകൾ തുന്നുന്നതിന്റെ തിരക്കിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന സാധാരണക്കാരി. ഡൽഹിയിലെ വിവിധ ഷെൽട്ടർ ഹോമുകളിലെ അന്തേവാസികൾക്ക് വേണ്ടിയാണ് ആ മഹദ്‌വനിത കൈകളും കാലുകളും തയ്യിൽ മെഷീനിൽ ചലിപ്പിക്കുന്നത്. അതിന്റെ ചിത്രം സമൂഹമാധ്യങ്ങളിൽ വൈറലാണ്. പ്രഥമ വനിതയുടെ ഈ കൈത്താങ് പുതുചരിത്രം സൃഷ്ടിക്കുകയാണ്. ആ പദവിക്ക് കൂടുതൽ തിളക്കംകൂട്ടുകയാണ്.

ആരാണ് സവിത കോവിന്ദ്

1952 ഏപ്രിൽ 15ന് മീറ്ററിലായിരുന്നു സവിതയുടെ ജനനം. വിഭജനത്തിന് മുൻപ് ലാഹോറിലായിരുന്നു സവിതയുടെ മാതാപിതാക്കൾ. വിദ്യാഭ്യാസത്തിന് ശേഷം എം.ടി.എൻ.എൽ (മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ് ) എന്ന പൊതുമേഖലാ സ്ഥാപനത്തിൽ ടെലഫോൺ ഓപ്പറേറ്ററായി ഔദ്യോഗിക ജീവിതം തുടങ്ങിയ സവിത, സ്ഥാനക്കയറ്റങ്ങളിലൂടെ ചീഫ് സെക്ഷൻ സൂപ്പർവൈസറായി. 2005ൽ സ്വയം വിരമിച്ചു. 1974 മേയ് പത്തിനാണ് അഭിഭാഷകനായ റാംനാഥ് കോവിന്ദിനെ വിവാഹം ചെയ്യുന്നത്. ആ ദമ്പതികൾക്ക് രണ്ടുമക്കൾ- പ്രശാന്ത് കുമാറും സ്വാതി കോവിന്ദും.

ഇടവേളയ്‌ക്ക് ശേഷം ലഭിച്ച പ്രഥമവനിത

2017ൽ സവിത കോവിന്ദിലൂടെ ഒരു ഇടവേളയ്‌ക്ക് ശേഷമാണ് രാജ്യത്തിന് പ്രഥമ വനിതയെ ലഭിച്ചത്. റാംനാഥ് കോവിന്ദിന്റെ പിൻഗാമിയായിരുന്ന പ്രണബ് മുഖർജി രാഷ്ട്രപതിയായപ്പോൾ പ്രഥമ വനിതയായി സുവ്‌റ മുഖർജി എത്തിയെങ്കിലും ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അവർ പൊതു പരിപാടികളിൽ നിന്ന് പൂർണമായി വിട്ടുനിന്നു. 2015ൽ അവർ വിടവാങ്ങിയതോടെ പ്രഥമ വനിതയായിരിക്കെ അന്തരിച്ച ആദ്യ വ്യക്തിയായി സുവ്‌റ മാറി. പ്രണബിന്റെ മകളും കഥക് നർത്തകിയും കോൺഗ്രസ് നേതാവുമായ ശർമ്മിഷ്ട മുഖർജിയാണ് വിദേശ നേതാക്കളുടെ വിരുന്നുകളിൽ അടക്കം പ്രഥമ വനിതയുടെ റോൾ പിന്നീട് നിർവഹിച്ചത്.

മുഗൽ ഗാർഡനിൽ ഗോതമ്പ് കൃഷി

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ഇന്ത്യൻ ഗവർണർ ജനറലലായ സി.രാജഗോപാലാചാരി ആണ് രാഷ്ട്രപതി ഭവന്റെ ഉടമയായ ആദ്യ ഇന്ത്യൻ. വിഭാര്യനായ രാജഗോപാലാചരി പ്രഥമ വനിതയുടെ കാര്യത്തിൽ ആശങ്കാകുലനായിരുന്നില്ല. രാജഗോപാലാചാരിയുടെ കാലത്ത് രാഷ്ട്രപതി ഭവനിൽ വിരുന്നുകളും സംഘടിപ്പിച്ചിരുന്നില്ല. സുഖസൗകര്യങ്ങൾ ആവോളമുള്ള രാഷ്ട്രപതി ഭവനിനുള്ളിൽ ഉറങ്ങാൻപോലും അദ്ദേഹം വിസമ്മതിച്ചു. രാജ്യം കടുത്ത ഭക്ഷ്യക്ഷാമം നേരിട്ടപ്പോൾ പ്രസിദ്ധമായ മുഗൾ ഗാർഗഡന്റെ ഒരു ഭാഗം ഗോതമ്പ് കൃഷിക്കായി അദ്ദേഹം മാറ്റിവച്ചു.

മുഖം തരാതിരുന്ന ആദ്യ പ്രഥമവനിതമാർ

പ്രഥമ രാഷ്ട്രപതിയായിരുന്ന ഡോ.ബാബു രാജേന്ദ്ര പ്രസാദിന്റെ ഭാര്യ രാജ്‌വംശിദേവി പൊതു ഇടങ്ങളിലേക്ക് ഇറങ്ങിവന്നില്ല. രണ്ടാമത്തെ രാഷ്ട്രപതിയായിരുന്ന ഡോ. എസ്.രാധാകൃഷ്ണന്റെ ഭാര്യ ശിവകാമു അദ്ദേഹം ആ പദവിയിലെത്തുന്നതിന് മുൻപ് നിര്യാതയായി. ഡോ. സാക്കിർ ഹുസൈന്റെ ഭാര്യ ഷാജഹാൻ ബീഗവും പൊതു പരിപാടികളിൽ നിന്നു മാറി നിന്നു. തുടർന്ന് രാഷ്ട്രപതിയായ വി.വി.ഗിരിയുടെ ഭാര്യ സരസ്വതി ഭായ് ആണ് ആ അർത്ഥത്തിൽ ആദ്യ പ്രഥമ വനിത. രാഷ്ട്രപതിയുടെ ചടങ്ങുകളിൽ അവർ നിറസാന്നിദ്ധ്യമായി.

രാഷ്ട്രപതിക്കൊപ്പം അനുഗമിക്കുന്നതിനപ്പുറം ചിലത് ചെയ്യാൻ കഴിയുമെന്ന് തെളിയിച്ചത് ഫഖ്‌റുദ്ദീൻ അലി അഹമ്മദിന്റെ ഭാര്യ ആബിദ അഹമ്മദ് ആയിരുന്നു. ഒട്ടേറെ സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട പ്രഥമ വനിത എന്ന പദവിക്ക് കൂടുതൽ തിളക്കം നൽകി. സ്വന്തം നിലയ്‌ക്ക് പരിപാടികളും വിരുന്നുകളും അവർ സംഘടിപ്പിക്കുമായിരുന്നു. പദവിയിലിരിക്കെയായിരുന്നു ഫക്റുദ്ദീൻ അലിഅഹമ്മദിന്റെ നിര്യാണം. 1980, 84 തിരഞ്ഞെടുപ്പുകളിൽ ഉത്തർപ്രദേശിലെ ബറേയിലിൽ നിന്ന് ആബിദ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

നീലം സഞ്ജീവ റെഡ്ഡിയുടെ ഭാര്യ നാഗരത്‌നമ്മ അദ്ദേഹത്തിന്റെ നിഴലിൽ ഒതുങ്ങികൂടിയപ്പോൾ സെയിൽ സിംഗിന്റെ ഭാര്യ പർദ്ദാൻ കൗർ രാഷ്ട്രപതി ഭവനിലേക്ക് വന്നത് പോലുമില്ല. സെയിൽ സിംഗിന്റെ മകളാണ് പ്രഥമ വനിതയുടെ ചുമതലകൾ നിർവഹിച്ചത്. ആർ.വെങ്കിട്ടരാമന്റെ ഭാര്യ ജാനകിയും ശങ്കർ ദയാൽ ശർമ്മയുടെ ഭാര്യ വിമലയും വിദേശയാത്രകളിൽ അനുഗമിച്ച് പ്രഥമ വനിതകളുടെ കടമകൾ നിർവഹിച്ചു.

തിളക്കം കൂട്ടി ഉഷ നാരായണൻ 

1997ൽ മലയാളിയായ കെ.ആർ. നാരായണൻ 340 മുറികളുള്ള ലോകത്തെ തന്നെ ഏറ്റവും പ്രൗഡഗംഭീരമായ വസതികളിൽ ഒന്നായ രാഷ്ട്രപതി ഭവന്റെ ഗൃഹനാഥനും ഇന്ത്യയുടെ പ്രഥമപൗരനുമായി. ഉഷ നാരായണൻ പ്രഥമ വനിതയും. ആദ്യ വിദേശ പ്രഥമ വനിത എന്ന സ്ഥാനം അങ്ങനെ ഉഷ സ്വന്തമാക്കി. ബർമയിൽ ജനിച്ച ഉഷ പ്രഥമ വനിതയുടെ സ്ഥാനം നന്നായി നിർവഹിച്ചു. സ്ത്രീകൾക്കായി ഒട്ടേറെ സാമൂഹ്യ ക്ഷേമ പരിപാടികൾ രാഷ്ട്രപതി ഭവനിൽ തന്നെ സംഘടിപ്പിച്ചു. ഉദ്യാനക്കൃഷിയിൽ തത്പരയായിരുന്ന അവർ മുഗൽ ഗാർഡനിൽ മാറ്റങ്ങളും വരുത്തി.

അവിവാഹിതനായിരുന്ന കലാമിന്റെ കാലത്ത് പ്രഥമ വനിതയുടെ ഓഫീസ് ഒഴിഞ്ഞുകിടന്നു. പ്രതിഭാ പാട്ടിൽ രാഷ്ട്രപതിയായപ്പോൾ പ്രഥമ ജെന്റിൽമാനായ ഭർത്താവ് ദേവിസിംഗ് ഷേക്കാവത്തിന് വേണ്ടി പ്രഥമ വനിതകൾക്കുള്ള ഓഫീസിൽ ചെറിയ മാറ്റം വരുത്തിയിരുന്നു.

പ്രഥമ വനിത

ബ്രിട്ടീഷ് സംസ്കാരത്തിന്റെ ഭാഗമായിട്ടുള്ള പ്രഥമ വനിത സങ്കല്പം ഇന്ത്യൻ പ്രസിഡന്റഷ്യൽ രീതിയിലും കീഴ്‌വഴക്കങ്ങളുടെ ഭാഗമായി പിന്തുടരുകയായിരുന്നു. ഇവർക്ക് ശമ്പളമില്ല. സെൻസസ് എടുക്കുമ്പോൾ ആദ്യം ചേർക്കുന്ന പേര് പ്രഥമ പൗരന്റെയും രണ്ടാമത്തേത് പ്രഥമ വനിതയുടെതുമാണ്. അമേരിക്കയിലാണ് പ്രഥമ വനിതയ്‌ക്ക് ഏറ്റവും പ്രാധാന്യം ലഭിക്കുന്നത്. ഫ്ളോറ്റസ് (ഫസ്റ്റ് ലേഡി ഒഫ് ദ യുണൈറ്റഡ് സ്റ്റേറ്റ്സ്) എന്നതിന്റെ ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അമേരിക്കൻ പ്രസിഡന്റുമാരുടെ പത്നിമാർ അവിടെ അവരുടെ സ്വന്തം സാമൂഹ്യക്ഷേമ പദ്ധതികൾക്ക് നേതൃത്വം നൽകുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...