യുപിയിൽ രണ്ട് ഭീമൻ സ്വർണഖനി; രാജ്യത്തിന്റെ സ്വർണശേഖരത്തിന്റെ അഞ്ചിരട്ടിയെന്ന് റിപ്പോർട്ട്

രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ തന്നെ വലിയ മാറ്റങ്ങൾക്ക് തുടക്കമായേക്കാവുന്ന രണ്ടു വലിയ സ്വർണ ഖനികൾ ഉത്തർപ്രദേശിൽ കണ്ടെത്തി. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഉത്തര്‍പ്രദേശ് ജിയോളജി ആന്‍ഡ് മൈനിങ് ഡയറക്ടറേറ്റും ചേര്‍ന്നാണ് സോനാഭദ്രയിൽ നിന്നും ഖനികൾ കണ്ടെത്തിയത്. ഇവിടെ 3,350 ടണ്‍ സ്വര്‍ണ നിക്ഷേപം ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

സോന്‍പഹാദി, ഹാര്‍ദി എന്നിവിടങ്ങളിലാണ് സ്വര്‍ണ നിക്ഷേപം. സോന്‍പഹാദിയില്‍ 2,700 ടണ്‍ സ്വര്‍ണ നിക്ഷേപവും ഹാര്‍ദിയില്‍ 650 ടണ്‍ നിക്ഷേപവുമുണ്ടാകുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇന്ത്യയുടെ കരുതല്‍ സ്വര്‍ണ ശേഖരം നിലവില്‍ 625.6 ടണ്‍ ആണ്. ഇന്ത്യയുടെ കൈവശമുള്ള കരുതല്‍ സ്വര്‍ണശേഖരത്തിന്റെ അഞ്ചിരട്ടിയാണ് ഇപ്പോള്‍ കണ്ടെത്തിയ രണ്ട് സ്വര്‍ണഖനികളിലുമായുള്ള നിക്ഷേപമെന്നാണ് വിലയിരുത്തുന്നത്.