നാളെ സത്യപ്രതിജ്ഞ; സർക്കാർ സ്കൂൾ അധ്യാപകരെ ക്ഷണിച്ച് കെജ്​രിവാൾ; വേറിട്ട തുടക്കം

തുടർച്ചയായ മൂന്നാംതവണയും ഡൽഹി മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ പോകുന്ന അരവിന്ദ് കെജ്​രിവാൾ സത്യപ്രതിജ്ഞ ചടങ്ങ് വേറിട്ടതാക്കാനുള്ള ഒരുക്കത്തിലാണ്. നാളെ രാംലീല മൈതാനത്ത് നടക്കുന്ന ചടങ്ങിന് സാക്ഷിയാവാൻ സംസ്ഥാനത്തെ സർക്കാർ സ്കൂളുകളെയാണ് അദ്ദേഹം ക്ഷണിച്ചിരിക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, 20 അധ്യാപകര്‍, അധ്യാപക വികസന കോര്‍ഡിനേറ്റര്‍മാര്‍ എന്നിവരെയാണ് ഓരോ സ്കൂളിൽ നിന്നും ക്ഷണിച്ചിരിക്കുന്നത്. 

നിലവിലെ മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും തിരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുണ്ട്. മനീഷ് സിസോദിയയും, ഗോപാൽ റായിയും മന്ത്രിമാരായി തുടരും. മറ്റുള്ളവരിൽ  ആരൊക്കെ തുടരുമെന്നതിൽ രാഷ്ട്രീയകാര്യ സമിതി  തീരുമാനമെടുക്കും. പുതുമുഖങ്ങളായ അതിഷി മർലേന, രാഘവ് ഛദ്ദ എന്നിവർ മന്ത്രിസഭയിൽ എത്താനാണ് സാധ്യത. ബിജെപിയുടെ ഷഹീൻ ബാഗ് സമരം ഉൾപ്പെടെയുള്ള ധ്രുവീകരണ രാഷ്ട്രീയത്തെ അതിജീവിച്ച് വൻ ഭൂരിപക്ഷത്തിൽ  വിജയിച്ച അമാനത്തുള്ള ഖാൻ ന്യൂനപക്ഷ പ്രതിനിധി എന്ന നിലയിൽ മന്ത്രിസഭയിൽ  ഇടം പിടിച്ചേക്കും. പകരം ഇമ്രാൻ ഹുസൈന് മന്ത്രിസ്ഥാനം നഷ്ടപെടാനാണ് സാധ്യത.