നിത്യാനന്ദയുടെ ആശ്രമത്തിൽ മകളുടെ മരണം; പോസ്റ്റ്മോർട്ടത്തിൽ അവയവങ്ങൾ ഇല്ല; നടുങ്ങി അമ്മ

rani-about-nithyantha
ചിത്രം, വിഡിയോ കടപ്പാട്: കലൈഞ്ജർ ടിവി
SHARE

സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും സജീവമാണ് വിവാദ ആൾദൈവം നിത്യാനന്ദ. ഇന്റർപോൾ നോട്ടിസ് പുറപ്പെടുവിച്ചിട്ട് പോലും ഇതുവരെ ഇയാൾ എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ സമൂഹമാധ്യമങ്ങളിൽ തുടരെ തുടരെ ഇയാൾ വിഡിയോ പങ്കുവയ്ക്കുന്നുണ്ട്. ഇത് എവിടെ നിന്നാണ് വരുതെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 

തമിഴ്നാട്ടിൽ വലിയ ചർച്ചകളാണ് കഴിഞ്ഞ രണ്ടുമാസമായി നടക്കുന്നത്. തമിഴകത്തെ വാർത്താ മാധ്യമങ്ങൾ നിത്യാനന്ദയുടെ ആശ്രമത്തിൽ നടന്ന കൊടുംക്രൂരതകൾ പുറത്തുവിട്ടതോടെ രോഷം പുകയുകയാണ്. ഇക്കൂട്ടത്തിൽ കലൈഞ്ജർ ടിവി പുറത്തുവിട്ട അഭിമുഖങ്ങൾ രാജ്യത്തെ തന്നെ നടുക്കുന്നതാണ്.

ബലാൽസംഗങ്ങളും കൊലപാതകങ്ങളും അടക്കം കൊടും ക്രൂരതകളുടെ അരങ്ങാണ് നിത്യാനന്ദയുടെ ആശ്രമമെന്ന് അവിടെ നിന്ന് രക്ഷപ്പെട്ട് പുറത്തെത്തിയ അദ്ദേഹത്തിന്റെ അനുയായികൾ വ്യക്തമാക്കുന്നു. എല്ലാ കുറ്റങ്ങൾക്കും നിത്യാനന്ദയ്ക്കൊപ്പം നിന്ന വിശ്വസ്ഥർ തന്നെയാണ് ഇപ്പോൾ തെളിവുസഹിതം വാർത്ത പുറത്തുവിടുന്നത്. ഇക്കൂട്ടത്തിൽ സ്വന്തം മകളുടെ ശവശരീരം ആശ്രമത്തിൽ നിന്നും ഏറ്റുവാങ്ങേണ്ടി വന്ന ഝാൻസി റാണി എന്ന അമ്മയുടെ വാക്കുകൾ ക്രൂരതയുടെ ആഴം വ്യക്തമാക്കുന്നു. 

അഭിമുഖത്തിൽ ഝാൻസി റാണി പറയുന്നതിങ്ങനെ:

‘എന്റെ മകൾ സംഗീത ചെറുപ്പം മുതലേ ആത്മീയ വിഷയങ്ങളിൽ വലിയ താൽപര്യം കാണിച്ചിരുന്നു. ഡിഗ്രി പഠനത്തിന് ശേഷമാണ് അവൾ നിത്യാനന്ദയുടെ ആശ്രമത്തിലും അദ്ദേഹത്തിന്റെ വാക്കുകളിലും ആകൃഷ്ഠയാകുന്നത്. ഒരു മാസം ആശ്രമത്തിൽ കഴിഞ്ഞ് ആത്മീയ വിഷയങ്ങളിൽ അറിവ് നേടണമെന്ന് മകൾ പറഞ്ഞു. അവളുടെ ഇഷ്ടത്തിന് ഞാനും സമ്മതിച്ചു. അങ്ങനെ അവൾ ആശ്രമത്തിലെത്തി. ഒരു മാസം കഴിഞ്ഞിട്ടും മകൾ തിരിച്ചുവന്നില്ല. ഞാൻ പോയി വിളിച്ചപ്പോൾ. അമ്മാ ഞാൻ ഇവിടെ ഹാപ്പിയാണ്. എനിക്ക് കുറച്ച് നാൾ കൂടി ഇവിടെ നിൽക്കണം എന്നാണ് പറഞ്ഞത്.

പിന്നീട് പലപ്പോഴും വീട്ടിലേക്ക് വിളിച്ചിട്ടും അവൾ വന്നില്ല. ആറുമാസങ്ങൾക്ക് ശേഷം ഞാൻ ചെല്ലുമ്പോൾ അവൾ കാവി ധരിച്ചിരിക്കുന്നതാണ് കണ്ടത്. ഞങ്ങളുടെ മുന്നിൽ വച്ച്, അവളെ കൊണ്ട് ഞങ്ങൾക്ക് ബലി ഇടീച്ചു. ഇത് ഞങ്ങൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. ചോദിച്ചപ്പോൾ ആശ്രമത്തിനൊപ്പം ചേരാനാണ് താൽപര്യമെന്നും ഇവിടെ ഒരു ജോലിയും ലഭിച്ചെന്ന് മകൾ പറഞ്ഞു.

നിത്യാനന്ദയുടെ പ്രസംഗങ്ങളും ആശ്രമത്തിലെ പ്രവർത്തനങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ജോലിയാണ് മകൾക്ക് അവർ െകാടുത്തത്. പക്ഷേ പിന്നീട് ഞങ്ങൾക്ക് മനസിലായി അവിടെ നടക്കുന്ന ക്രൂരതകൾ. ഒരിക്കൽ ഞങ്ങൾ അവളെ കാണാൻ പോയപ്പോൾ പത്തോളം പേർ ചേർന്ന് ഒരു എൻജിനിയറായ പയ്യനെ തല്ലുന്നതാണ് കണ്ടത്. അപ്പോൾ അവിടെ നിന്ന മറ്റൊരു പയ്യൻ പറഞ്ഞു. അമ്മാ അമ്മയുടെ മകൾക്കും ഇതു തന്നെയാണ് ഇവിടെ അവസ്ഥ. അവളുടെ കാല് നോക്കിയാ മതി അടികൊണ്ട പാടുകൾ കാണാമെന്ന്. ഞാൻ നോക്കിയപ്പോൾ ശരിയാണ്. അതിക്രൂരമായി മർദിച്ച പാടുകൾ കാണാം.

ഇനി ഇവിടെ നിൽക്കേണ്ടെന്ന് ഉറപ്പിച്ച് മകളെ ഞാൻ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകാൻ ശ്രമിച്ചു. പക്ഷേ അത് അത്ര എളുപ്പമായിരുന്നില്ല. മകളുടെ പേരിൽ ഒരുപാട് ആരോപണങ്ങൾ അവർ ഉന്നയിച്ചു. നിത്യാനന്ദയും നടി രഞ്ജിതയും തമ്മിലുള്ള വിവാദവ വിഡിയോ പുറത്തുവന്നതിന് പിന്നിൽ മകളാണെന്ന് അവർ പറഞ്ഞു. അതിന് വ്യക്തത വരാതെ പുറത്തുവിടാൻ പറ്റില്ലെന്ന് പറഞ്ഞ് എന്നെ പുറത്താക്കി.

കുറച്ച് ദിവസങ്ങൾക്ക് ശേഷം എനിക്ക് ഫോൺ വന്നു ആശ്രമത്തിൽ നിന്നും. മകൾക്ക് ഹാർട്ട് അറ്റാക്ക് സംഭവിച്ചു ആശുപത്രിയിലാണ് വേഗം വരണമെന്ന്. ഒരിക്കലും അവൾക്ക് അങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പാണ് എനിക്ക്. ഇത്ര ചെറുപ്പത്തിൽ എങ്ങനെ അറ്റാക്ക് വരും. ഞാൻ ബെംഗളൂരുവിൽ എത്തിയപ്പോൾ അവൾ മരിച്ചെന്നാണ് കേൾക്കുന്നത്. ഞാൻ ആകെ തളർന്നു. എനിക്ക് എന്റെ മകളെ വിട്ടുതരാൻ ‍ഞാൻ പറഞ്ഞു.

അപ്പോൾ നിത്യാനന്ദ പറഞ്ഞു. ആശ്രമത്തിൽ തന്നെ സംസ്കരിച്ചാൽ മതിയെന്നാണ്. ഞാൻ സമ്മതിച്ചില്ല. എനിക്ക് മകളെ െകാണ്ടുപോകണമെന്ന് വാശി പിടിച്ചു. എന്നാൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുതരാമെന്നായി. അങ്ങനെ ആശ്രമത്തിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രയിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തു. ഞാൻ മകളുടെ മൃതദേഹവുമായി നാട്ടിലെത്തി. ഇതൊരു മരണമാണെന്ന് വിശ്വസിക്കാൻ എനിക്ക് കഴിഞ്ഞില്ല. അവർ എന്റെ കുഞ്ഞിനെ കൊന്നതാണെന്ന് ഉറപ്പായിരുന്നു.

അങ്ങനെ ഞാൻ പരാതി നൽകി. മൃതദേഹം വീണ്ടും റീ പോസ്റ്റുമോർട്ടം ചെയ്തു. അപ്പോഴാണ് നടുങ്ങിയത്. മകളുടെ ശരീരത്തിൽ ആന്തരികാ അവയവങ്ങൾ ഒന്നും തന്നെയില്ലായിരുന്നു. തലച്ചോറ് പോലും. ഇതെല്ലാം എടുത്തുമാറ്റിയ ശേഷമാണ് അവർ മകളുടെ മൃതദേഹം തന്നുവിട്ടത്. ’  ഝാൻസി റാണി അഭിമുഖത്തിൽ പറഞ്ഞു. 

2014ലാണ്  സംഗീത മരിക്കുന്നത്. അന്നുമുതൽ നീതിക്കായി ഇൗ അമ്മ പോരാടുകയാണ്. ഇതിന് പിന്നാെലയാണ് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിൽപ്പെട്ട് നിത്യനന്ദ ഒളിവിൽ പോയിരിക്കുന്നത്. ദേശീയമാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് നിത്യാനന്ദ വാങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

MORE IN INDIA
SHOW MORE
Loading...
Loading...