ഐഷിയുടെ പരുക്ക് ഇടത് കയ്യിലോ വലതുകയ്യിലോ..? വ്യാജ പ്രചാരണം പൊളിഞ്ഞു

ജെഎൻയു ആക്രമണസംഭവം രാജ്യത്തുയർത്തിയ വിവാദങ്ങളും പ്രതിഷേധങ്ങളും തുടരുകയാണ്. വിദ്യാർഥികളെ പിന്തുണച്ച് ഒട്ടേറെ പ്രമുഖർ രംഗത്തെത്തുമ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണങ്ങളും കൊഴുക്കുകയാണ്. ഒടുവിലായി അയ്ഷി ഘോഷിന്റെ കയ്യുടെ പരുക്കുകളും ചർച്ചയാക്കി. 

ഒരു ചിത്രത്തില്‍ അയ്ഷിയുടെ ഇടതുകൈയിലാണ് പ്ലാസ്റ്റര്‍. എന്നാൽ മറ്റൊരു ചിത്രത്തിൽ ഇൗ പ്ലാസ്റ്റർ വലതുകയ്യിലേക്ക് മാറുന്നു. ഇൗ ചിത്രം പങ്കുവച്ചാണ് എല്ലാം നാടകമാണെന്ന് ഒരുവിഭാഗം വാദിക്കുന്നത്.

എന്നാൽ ഇൗ ചിത്രം പൂർണമായും വ്യാജമാണ്. അയ്ഷിയുടെ ഇടതുകയ്യിലാണ് പൊട്ടലുള്ളത്. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന ചിത്രം അയ്ഷിയുടെ മിറര്‍ ഇമേജാണ്. ഇതുപയോഗിച്ചാണ് സംഘപരിവാർ ഗ്രൂപ്പുകൾ അടക്കം വ്യാജപ്രചാരണങ്ങൾ നടത്തുന്നത്.

ഇതിനിടെ, ഐഷി ഘോഷ് മുഖ്യമന്ത്രി പിണറായി വിജയനുമായി കേരളഹൗസില്‍ കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ പിന്തുണയ്ക്ക് ഐഷി നന്ദി പറ‍ഞ്ഞു.  

ജനുവരി അഞ്ചിന് ജെഎന്‍യു ക്യാംപസിലുണ്ടായ അക്രമം ആസൂത്രണം ചെയ്തവരെ തിരിച്ചറിഞ്ഞതായി സൂചന. അക്രമിസംഘത്തിലുണ്ടായിരുന്ന മുപ്പത്തിയേഴ് പേരെയാണ് തിരിച്ചറിഞ്ഞത്. അതേസമയം ക്യാംപസിലെ ഹോസ്റ്റലുകളില്‍ അനധികൃതമായി താമസിക്കുന്ന വിദ്യാര്‍ഥികളെ കണ്ടെത്താന്‍ വാര്‍ഡന്മാര്‍ക്ക് വിസി നിര്‍ദേശം നല്‍കി.  

മുഖംമൂടിസംഘം വിദ്യാര്‍ഥികളെയും അധ്യാപകരെയും ക്യാംപസിനകത്ത് കയറി അക്രമിച്ചിട്ട് ആറ് ദിവസം പിന്നിട്ടു. അക്രമികളെ പിടികൂടാനാകാതെ ഇരുട്ടില്‍ തപ്പുന്ന ഡല്‍ഹി പൊലീസിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതായി പ്രത്യേക അന്വേഷണസംഘത്തിന്റെ വെളിപ്പെടുത്തല്‍. 

അക്രമം ആസുത്രണം ചെയ്ത യുണൈറ്റഡ് എഗെയിന്‍സ്റ്റ് ലെഫ്റ്റ് എന്ന വാട്ട്സാപ് ഗ്രൂപ്പിലെ അംഗങ്ങളായ മുപ്പത്തിയേഴ് പേരെയാണ് തിരിച്ചറിഞ്ഞത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം ഞായറാഴ്ച്ചയുണ്ടായ അക്രമത്തിന് ശേഷം ആദ്യമായി വൈസ് ചാന്‍സലര്‍ എം.ജഗദേഷ് കുമാര്‍ ഇന്ന് വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തി. ആക്ടിവിസ്റ്റ് വിദ്യാര്‍ഥികളാണ് ക്യാംപസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതെന്ന് വിസി ആരോപിച്ചു.  

ക്യാംപസിലെ ഹോസ്റ്റലുകളില്‍ സുരക്ഷപരിശോധന നടത്താന്‍ വാര്‍ഡന്മാര്‍ക്ക് വിസി നിര്‍ദേശം നല്‍കി. ഹോസ്റ്റലുകളില്‍ അനധികൃമായി താമസിക്കുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി പട്ടിക തയാറാക്കും.  ഹോസ്റ്റല്‍ ഫീസ് വര്‍ധനയ്ക്കെതിരായ വിദ്യാര്‍ഥിസമരം എഴുപത്തിയാറാം ദിവസത്തിലേക്ക് കടന്നു.