'മുംബൈയിൽ താമസിച്ച് ഡാൻസ് ചെയ്താൽ പോരേ'; ദീപികയെ അപഹസിച്ച് ബിജെപി നേതാവ്; മറുപടി

ജെഎൻയു ക്യാംപസ് സന്ദർശിച്ച് പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് പിന്തുണ അറിയിച്ച ബോളിവുഡ് നടി ദീപിക പദുകോണിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ബിജെപി നേതാവ്. സംഭവം മധ്യപ്രദേശിൽ വൻ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. 

'നായികമാർ മുംബൈയിൽ താമസിച്ച് ഡാൻസ് ചെയ്താല്‍ മതി, അവർ എന്തിനാണ് ജെഎൻയുവിലൊക്കെ പോകുന്നത്. ആക്ടിവിസ്റ്റുകളെന്നും പറഞ്ഞ് അങ്ങനെ കുറേ ആളുകൾ ഇറങ്ങിയിട്ടുണ്ട്. കുട്ടികൾ പഠിക്കേണ്ട യൂണിവേഴ്സിറ്റികളിൽ പോയി രാഷ്ട്രീയം കളിക്കുകയാണ് അവർ. സര്‍വകലാശാലകള്‍ പഠിക്കാൻ വേണ്ടി മാത്രമാണ്, രാഷ്ട്രീയം കളിക്കാനല്ല'. മധ്യപ്രദേശ് മുൻ മന്ത്രിയും നിലവിൽ പ്രതിപക്ഷ നേതാവുമായ ഗോപാൽ ഭാർഗവ പറയുന്നു.  പരാമർശം വലിയ തരത്തിലുള്ള വാക‌‌് യുദ്ധത്തിന് തുടക്കമിട്ടു. ഗോപാൽ ഭാർഗവയ്ക്ക് തക്ക മറുപടിയുമായി മധ്യപ്രദേശ് കോൺഗ്രസ് നേതാവ് നരേന്ദ്ര സലുജ രംഗത്തെത്തി.

മുൻപ് നടിമാരായിരുന്ന നിലവിലെ ബിജെപി നേതാക്കൾ ഹേമ മാലിനി, കിരൺ ഖേർ, സ്മൃതി ഇറാനി എന്നിവരോടും ഇതേ മനോഭാവമാണോ നിങ്ങൾക്കുള്ളതെന്നാണ് മറുപടിയായി സലുജ ചോദിച്ചത്. മധ്യപ്രദേശിൽ ഹേമ മാലിനിയുടെയും മകളുടെയും നൃത്ത പരിപാടികൾക്ക് മുൻ ബിജെപി സർക്കാർ ലക്ഷക്കണക്കിന് പണം ചിലവാക്കിയിരുന്നില്ലേ എന്നും സലുജ തുറന്നടിച്ചു.