നോട്ട് നിരോധനകാലത്ത് വ്യോമസേന വിമാനങ്ങളിൽ എത്തിച്ചത് 625 ടൺ കറൻസി

രാജ്യത്ത് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതിനു പിന്നാലെ വേണ്ടിവന്ന അടിയന്തര പ്രവർത്തനങ്ങളിൽ വ്യോമസേനയുടെ പങ്കാളിത്തം വ്യക്തമാക്കി അന്ന് സേനാ മേധാവിയായിരുന്ന എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ. ഒരു കോടി രൂപ മൂല്യം വരുന്ന കറൻസി നോട്ടുകൾ സഞ്ചിയിലാക്കുമ്പോൾ 20 കിലോ ഭാരം വരും. നോട്ട് അസാധുവാക്കലിനു ശേഷം പുതിയ കറൻസി വിതരണത്തിനുള്ള 33 ദൗത്യങ്ങൾ ഏറ്റെടുത്തത് വ്യോമസേനയാണ്. 625 ടൺ നോട്ടുകളാണ് ലക്ഷ്യസ്ഥാനത്തെത്തിച്ചതു വ്യോമസേനയുടെ വിമാനങ്ങളിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബോംബെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സംഘടിപ്പിച്ച ടെക്‌ഫെസ്റ്റിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 2016 ഡിസംബർ 31 മുതൽ 2019 സെപ്റ്റംബർ 30 വരെയാണു ധനോവ വ്യോമസേനാ മേധാവിയായിരുന്നത്.