പ്രതികളെ കൊന്നുകളഞ്ഞാൽ ഇരകൾക്ക് നീതി കിട്ടില്ല; ആസിഡ് ആക്രമണത്തെ അതിജീവിച്ച പ്രണിത

പ്രതികളെ കൊന്നുകളയുന്നതിലൂടെ ഇരകൾക്ക് നീതികിട്ടില്ലെന്ന് 2008ല്‍ വാറങ്കലിൽ ആസിഡ് ആക്രമണത്തെ അതിജീവിച്ച ടി പ്രണിത. ഹൈദരാബാദിൽ യുവഡോക്ടറെ ക്രൂരബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ നാല് പ്രതികളെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് പ്രതികരണം. 

പ്രണിത ആക്രമണത്തിന് ഇരയായ കേസിലെ മൂന്ന് പ്രതികളെയും പൊലീസ് അന്ന് വെടിവെച്ച് കൊല്ലുകയായിരുന്നു. കമ്മീഷണര്‍ സജ്ജനാർ ആയിരുന്നു ആ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ. 

പ്രതികളെ വെടിവെച്ച് കൊല്ലുന്നതിലൂടെ കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കില്ലെന്ന് പ്രണിത പറയുന്നു. അതിവേഗ വിചാരണയിലൂടെ പ്രതികൾക്ക് ശിക്ഷയുറപ്പാക്കുകയാണ് വേണ്ടതെന്നും പ്രണിത പറയുന്നു. എഞ്ജിനിയറിങ് വിദ്യാർഥികളായിരുന്ന സ്വപ്നിക, പ്രണിത എന്നിവർക്ക് നേരെ 2008 ഡിസംബർ 10നാണ് ആസിഡ് ആക്രമണമുണ്ടായത്., 

സ്വപ്നിക പ്രണയാഭ്യർഥ നിരസിച്ചതിന് ശ്രീനിവാസൻ എന്നയാൾ സുഹൃത്തുക്കളായ ബി സഞ്ജയ്,  പി ഹരികൃഷ്ണൻ എന്നിവർക്കൊപ്പം പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.ഇരുവരും കോളജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് സംഭവം. ആക്രമണത്തെ അതിജീവിച്ച പ്രണിത ഇപ്പോൾ കൊളറാഡോയിലാണ്. ഒരു പതിറ്റാണ്ടിനിപ്പുറം സമാനസംഭവമാണ് ഹൈദരാബാദിലുമുണ്ടായത്.