റയിൽവേ നിയമം പാലിച്ചില്ലെങ്കിൽ ചിന്നപ്പൊണ്ണ് ഇടപെടും; ഉപേക്ഷിച്ച നായ സിങ്കപ്പെണ്ണായ കഥ

തമിഴകത്ത് സിങ്കപ്പെണ്ണിന് മുൻപ് തന്നെ തരംഗമായ ഒരു പെണ്ണാണ് ഇൗ ചിന്നപ്പൊണ്ണ്. ചെന്നൈയിലെ പാർക്ക് ടൗൺ റയിൽവേ സ്റ്റേഷനിലെ ഇൗ നായ ഇന്ന് രാജ്യത്ത് തന്നെ ചർച്ചയാവുകയാണ്. റയിൽവേ നിയമങ്ങൾ തെറ്റിക്കുന്നവരോട് കുരച്ച് ചാടുന്ന ഇൗ നായ റയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ ഉദ്യോഗസ്ഥർക്ക് അകമ്പടിയായി എപ്പോഴും കാണും. ആരെങ്കിലും റയിൽവേ പാളം മുറിച്ചു കടന്നാലും ട്രെയിനിന്റെ ഫുട്ബോർഡിൽ നിന്നു യാത്രചെയ്താലുമൊക്കെ ചിന്നപ്പൊണ്ണ് കുരച്ചുകൊണ്ട് പിന്നാലെ ചെല്ലും. നിയമങ്ങൾ പാലിക്കാത്തവർക്കുള്ള മുന്നറിയിപ്പാണ് ചിന്നപ്പൊണ്ണിന്റെ ഉച്ചത്തിലുള്ള ഈ കുര.

രണ്ട് വർഷം മുൻപ് ഉടമ ഉപേക്ഷിച്ചതാണ് ഈ നായയെ. വീട്ടുടമയുമായുള്ള തർക്കമാണ് ഇയാൾ നായയെ ഇവിടെ ഉപേക്ഷിച്ചുമടങ്ങാൻ കാരണമെന്ന് റയിൽവേ സ്റ്റേഷനിലുള്ള കടയിലെ ജീവനക്കാർ വ്യക്തമാക്കി. ഒരിക്കൽ നായയുടെ ഉടമ ഇതിനെ കാണാൻ ഇവിടെയെത്തിയിരുന്നു. അന്നാണ് നായയുടെ പേര് ചിന്നപ്പൊണ്ണ് എന്നാണെന്ന് മനസ്സിലായത്. അന്നുമുതലാണ് നായയെ സ്റ്റേഷനിലും പരിസരത്തുമുള്ളവരെല്ലാം ചിന്നപ്പൊണ്ണെന്നു വിളിക്കാൻ തുടങ്ങിയത്.

ഇതുവരെ ഇവിടെയെത്തുന്ന യാത്രക്കാർക്കൊന്നും ചിന്നപ്പൊണ്ണ് ഒരു ശല്യമായിട്ടില്ല. കാക്കിയിട്ടവരെ മാത്രമേ നായ പിന്തുടരുകയുള്ളൂ. വന്ന കാലം മുതൽ റയിൽവേ പൊലീസുമായിട്ടാണ് നായയുടെ ചങ്ങാത്തം. ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്ത രണ്ട് സെക്കന്റ് ദൈർഘ്യമുള്ള ചിന്നപ്പൊണ്ണിന്റെ  ദൃശ്യങ്ങൾ റയിൽവേ മന്ത്രാലയത്തിന്റെ  ഒൗദ്യോഗിക ട്വിറ്റർ പേജിലും ഇപ്പോൾ പങ്കുവച്ചിട്ടുണ്ട്.